ഇടുക്കി:  പെട്ടിമുടി ദുരന്തത്തെ തുടര്‍ന്ന് അധികൃതര്‍ മാറ്റി പാര്‍പ്പിച്ച മാനസികനില തെറ്റിയ ആദിവാസി സത്രീയും പുരുഷനും മുരുക്കാശേരി സ്‌നേഹതീരത്തിലേക്ക് മാറ്റി. മാടസ്വാമി [50] ഇയാാളൊടൊപ്പം താമസിച്ച ധര്‍മ [35] എന്നിവരെയാണ് സ്‌നേഹതീരത്തിന്റെ ഡയറക്ടര്‍ വി.സി രാജു പഞ്ചായത്ത് പ്രതിനിധി കെ എം ജലാലുദ്ദിന്‍ എന്നിവര്‍ ഏറ്റെടുത്തത്.

പെട്ടിമുടി ദുരന്തത്തെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ച ഇരുവരെയും ഏറ്റെടുക്കാന്‍ ആരുമില്ലെന്നുള്ള വിവരം കഴിഞ്ഞദിവസമാണ് അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശനുമായി ചര്‍ച്ചകള്‍ നടുത്തുകയും ഏറ്റെടുക്കാന്‍ തയ്യറാണെന്ന് സ്‌നേഹതീരം ഭാരവാഹികള്‍ അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയോടെ മൂന്നാര്‍ ശിക്ഷക് സദനിലെത്തിയ സംഘം ദേവികുളം എല്‍ എ തഹസില്‍ദാര്‍ രാധാകൃഷ്ണന്‍, സുബൈര്‍ ,വില്ലേജ് ഓഫീസര്‍ സിദ്ദിഖ് എന്നിവരുടെ സാനിധ്യത്തില്‍ ഏറ്റെടുക്കുകയുമായിരുന്നു.

കണ്ണന്‍ദേവന്‍ കമ്പനിയിലെ തൊഴിലാളിയായിരുന്ന മാടസ്വാമിക്ക് രണ്ടര വര്‍ഷം മുന്‍പാണ് മാനസിക അസ്വസ്തതയുണ്ടായത്.ഇതോടെ ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ച് തമിഴ് നാട്ടിലേക്ക് പോയി. തുടര്‍ന്ന് കമ്പനി ജോലിയും നഷ്ടമായി.തുടര്‍ന്ന് ഇടമലക്കുടിയിലേക്ക് വല്ലപ്പോഴും ചുമടെടുത്തായിരുന്നു കഴിഞ്ഞിരുന്നത്. ഇടമലക്കുടിയിലേക്ക് ചുമട് എടുത്തിരുന്ന സമയത്താണ് മാനസിക രോഗത്തെ തുടര്‍ന്ന് അലഞ്ഞു തിരിഞ്ഞിരുന്ന ധര്‍മ തായെ കണ്ടത്.ചുമടെടുക്കുന്ന കാശ് കൊണ്ട്  ഭക്ഷണം വാങ്ങി നല്‍കാന്‍ തുടങ്ങിയതോടെ ധര്‍മ തായ് ഒപ്പം കൂടുകയും പെട്ടിമുടിയിലെ ദുരന്ത സ്ഥലത്തിന് മുകള്‍ ഭാഗത്തുള്ള ലയത്തില്‍ താമസം തുടങ്ങുകയും ചെയ്തു. 

ഓഗസ്റ്റ് ആറിനുണ്ടായ ദുരന്തത്തെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം അധികൃതര്‍ സമീപത്തെലയത്തിലുള്ളവരെയെല്ലാം സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരും കമ്പനി ജോലിക്കാരും ചേര്‍ന്നാണ് ഇവരെ പഴയ മൂന്നാറിലെ ശിക്ഷക് സദനിലെത്തിച്ചതെന്ന് ശിക്ഷക് സദന്‍ അധികൃതര്‍ പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു.എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഇതു നിലച്ചതിനെ തുടര്‍ന്ന് ഇരുവരും പട്ടിണിയിലായി. 

തുടര്‍ന്ന് ശിക്ഷക് സദന്‍ അധികൃതര്‍ ഇടപെട്ട് മാട സ്വാമിക്ക് പഴയ മൂന്നാറിലൊരു ഹോട്ടലില്‍ ജോലി വാങ്ങി നല്‍കിയെങ്കിലും ഇടയ്ക്ക് സമനില തെറ്റുന്നതു പതിവായതോടെ ഹോട്ടലുടമ പറഞ്ഞു വിട്ടു.ഇതോടെ വരുമാനമൊന്നുമില്ലാതെ പട്ടിണിയിലാണിവര്‍. നാട്ടുകാര്‍ വല്ലപ്പോഴും നല്‍കുന്ന ഭക്ഷണം കഴിച്ചാണ് കഴിയുന്നത്. വാഹനങ്ങളുടെ ശബ്ദം കേട്ടാലുടന്‍ ധര്‍മതായ് അലറി ശബ്ദമുണ്ടാക്കുന്നതുമൂലം ശിക്ഷക്‌സദനില്‍ സഞ്ചാരികള്‍ക്ക് താമസത്തിന് മുറികള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായിരുന്നത്.