വാടക വീട്ടില്‍ ഹെറോയിന്‍ വില്‍പന, കൊച്ചിയില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
വാടക വീട്ടിൽ ബാഗിൽ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്

കൊച്ചി: കൊച്ചിയില്‍ ലഹരിവേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയിൽ. ആസാം മാരിഗൗൻ സ്വദേശി റബുൾ ഇസ്‌ലാം (37), ദുപാരിത്തുർ സ്വദേശി മക്സിദുൾ ഹഖ് (23) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോഞ്ഞാശേരി ഭാഗത്ത് വാടക വീട്ടിൽ ബാഗിൽ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ആസാമിൽ നിന്നുമാണ് കൊണ്ടുവന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് ഹെറോയിന്‍ വില്‍പന നടത്തിയിരുന്നത്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ ജോസി.എം.ജോൺസൻ, എ.എസ്.ഐമാരായ ജോബി മത്തായി, മുജീബ് സി.പി.ഒ കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ ഏഴായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ ലോറിയില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് പിടികൂടിയിരുന്നു. 200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റർ സ്പിരിറ്റ് കടത്തിവന്ന കാസർകോട് കാരനായ യുവാവിനെയാണ് ലോറി സഹിതം എക്സൈസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി എൽ ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. രാമപുരം കൊത്തിക്കുഴിച്ചപാറ എന്ന സ്ഥലത്തു വച്ചായിരുന്നു 200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റർ സ്പിരിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 49-കാരനായ മൂസക്കുഞ്ഞി പിടിയിലാകുന്നത്. അതിനിടെ, കഴിഞ്ഞദിവസം കോഴിക്കോട് ബീച്ചിലെ കോർപ്പറേഷൻ ഓഫീസിന് സമീപത്തു നിന്ന് മത്സ്യം കയറ്റുന്ന പിക്കപ്പ് വാനിൽ നിന്നും 29 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. മലപ്പുറം ചെമ്മങ്കടവ് പെരുവൻ കുഴിയിൽ നിസാർ ബാബു (36) നല്ലളം സ്വദേശി അരീക്കാട് സഫ മൻസിൽ മുഹമദ് ഫർസാദ് (21) എന്നിവരെയാണ് പിടികൂടിയത്.