Asianet News MalayalamAsianet News Malayalam

മദ്യപിച്ചതിന് ശേഷമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് റെയില്‍ പാളത്തില്‍ കല്ല് വച്ചത് ആറിടത്ത്; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

ഉച്ചയ്ക്ക് ഒരു സുഹൃത്തിനെ നാട്ടിലേക്ക് ട്രെയിൻ കയറ്റിവിട്ടശേഷം താമസസ്ഥലത്തേക്ക് വരുന്ന വഴി ഇരുവരും മദ്യപിച്ചു തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് പാളത്തിൽ കല്ല് കയറ്റിവെച്ചത്. ട്രെയിൻ കയറി കല്ലു പൊടിയുന്നത് കാണാനായിരുന്നു ഇത് ചെയ്തതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.

two other state workers arrested for put stone on railway track
Author
Thrissur, First Published May 11, 2019, 2:54 PM IST

തൃശൂർ: ട്രെയിൻ കയറി കല്ല് പൊടിഞ്ഞു തെറിക്കുന്നത് കാണാൻ പാളത്തിൽ കരിങ്കല്ലുവെച്ച ഇതരസംസ്ഥാനക്കാരായ രണ്ട് പേർ അറസ്റ്റിൽ. ഛത്തീസ്ഗഢ് ജസ്പുർ ജില്ലക്കാരായ രൂപേഷ് കുമാർ യാദവ് (21), സലീം ബർള (19) എന്നിവരാണ് അറസ്റ്റിലായത്. ഒല്ലൂരിലെ ഒരു പ്ലാസ്റ്റിക് കമ്പനിയിലെ തൊഴിലാളികളാണിവർ. ഒല്ലൂർ റെയിൽവേ സ്റ്റേഷന്‍റെ തെക്കുഭാഗത്തെ സിഗ്നലിനടുത്താണ് സംഭവം.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. നിലമ്പൂർ - കോട്ടയം പാസഞ്ചർ റെയിൽവേ സ്റ്റേഷനിലേക്ക് കയറുന്നതിന് മുമ്പാണ് സിഗ്നൽ ശരിയാവുന്നില്ലെന്ന വിവരം സ്റ്റേഷൻ മാസ്റ്ററുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഗേറ്റ് കീപ്പറെയും ഒരു ജീവനക്കാരനെയും സിഗ്നൽ പോയിന്‍റിലേക്കയച്ചു. 

പാളങ്ങൾ ചേരുന്ന സ്ഥലത്ത് ചെറിയ കല്ലുകൾ നിറച്ചുവെച്ചിരിക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. കുറച്ചകലെ എറണാകുളം ഭാഗത്തേക്കുള്ള പാളത്തിൽ ഒരു വലിയ കല്ലുകളും കണ്ടെത്തി. ഇത് മാറ്റിയശേഷം കുറച്ചുകൂടി മുന്നോട്ടു നടന്നു നോക്കിയപ്പോഴാണ് പാളത്തിൽ മറ്റ് നാലിടത്ത് കൂടി കല്ലുകൾ വെച്ചിരിക്കുന്നത് കണ്ടത്.

സ്റ്റേഷൻ മാസ്റ്റർ വിവരം തൃശൂരിൽ ആർപിഎഫിനെ അറിയിച്ചു. ആർപിഎഫും റെയിൽവേ പൊലീസുമെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന നാട്ടുകാരിൽ നിന്നും ലഭിച്ചത്. ഇവർ ധരിച്ചിരുന്ന ടീ ഷർട്ടിന്‍റെ സൂചന വെച്ച് അന്വേഷിച്ചപ്പോള്‍ പ്രതികളെ ട്രാക്കിനോട് ചേർന്നുള്ള ഗോഡൗണിൽ നിന്ന് കണ്ടെത്തി. ഇവര്‍ ജോലിചെയ്യുന്ന കമ്പനിയുടെ ഗോഡൗണാണിത്.

ഉച്ചയ്ക്ക് ഒരു സുഹൃത്തിനെ നാട്ടിലേക്ക് ട്രെയിൻ കയറ്റിവിട്ടശേഷം താമസസ്ഥലത്തേക്ക് വരുന്ന വഴി ഇരുവരും മദ്യപിച്ചു തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് പാളത്തിൽ കല്ല് കയറ്റിവെച്ചത്. ട്രെയിൻ കയറി കല്ലു പൊടിയുന്നത് കാണാനായിരുന്നു ഇത് ചെയ്തതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.

ആർപിഎഫ് ഇൻസ്പെക്ടർ എൻ കേശവദാസ്, റെയിൽവേ പൊലീസ് എസ്ഐ കെ ബാബു, ആർപിഎഫ് എഎസ്ഐ ബനഡിക്ട്, കോൺസ്റ്റബിൾമാരായ മഹേഷ്, ചാറ്റർജി, റെയിൽവേ പൊലീസ് സിപിഒ പ്രസാദ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Follow Us:
Download App:
  • android
  • ios