കോഴിക്കോട് ചൂലൂർ സ്വദേശി അടിയശ്ലേരി മനു, മൂഴിക്കൽ സ്വദേശി കൊരക്കുന്നുമ്മൽ മുഹമ്മദ് ഷമിൽ എന്നിവരാണ് പിടിയിലായത്. മനുവിനെ കോഴിക്കോട്ടെ വീട്ടിൽ നിന്നും ഷമിലിനെ എറണാകുളത്തെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്.
കോഴിക്കോട്: വിദേശത്ത് നിന്നും വന്ന രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ. കോഴിക്കോട് ചൂലൂർ സ്വദേശി അടിയശ്ലേരി മനു, മൂഴിക്കൽ സ്വദേശി കൊരക്കുന്നുമ്മൽ മുഹമ്മദ് ഷമിൽ എന്നിവരാണ് പിടിയിലായത്. മനുവിനെ കോഴിക്കോട്ടെ വീട്ടിൽ നിന്നും ഷമിലിനെ എറണാകുളത്തെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. മനുവിന്റെ വീട്ടിൽ നിന്നും 55 ഗ്രാം എംഡിഎംഎയും, ഷിമിലിന്റെ കയ്യിൽ നിന്നും 10 ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്തത്. മനു രണ്ട് മാസം മുമ്പും ഷമിൽ രണ്ടാഴ്ച്ച മുമ്പുമാണ് ഒമാനിൽ നിന്നും വന്നത്. രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് എക്സൈസ് സംഘം ആണ് ഇവരെ പിടികൂടിയത്.
കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും പിടികൂടിയത്. ഒമാനിൽ നിന്നും മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളാണോ ഇവരെന്ന് സംശയിക്കുന്നതായി സർക്കിൾ ഇൻസ്പെക്ടർ പ്രജിത് എ പറഞ്ഞു. ആവശ്യക്കാർക്ക് വിവിധ സ്ഥലങ്ങളിൽ ലാൻ്റ്മാർക്ക് നൽകി എംഡിഎംഎ അവിടെ സുരക്ഷിതമായി വെച്ചതിന് ശേഷം വാട്സ്ആപ്പ് മുഖേനെ ഫോട്ടോ അയച്ചു കൊടുത്തും ലോക്കേഷൻ ഷെയർ ചെയ്തുമാണ് വില്പന നടത്താറുള്ളതെന്ന് പ്രതിയായ മനു പറഞ്ഞു. അന്വേഷണം ഊർജ്ജിതമാക്കുമെന്ന് കോഴിക്കോട് അസി. എക്സൈസ് കമ്മീഷണർ ആർ എൻ ബൈജു പറഞ്ഞു. പാർട്ടിയിൽ എഇഐ വിജയൻ സി പ്രിവന്റീവ് ഓഫീസർ ഷാജു സിപി , വിപിൻ , സന്ദീപ് എന്‍എസ്, ജിജു സിവിൽ എക്‌സൈസ് ഓഫീസർമാരായ തോബിയാസ് ടി എ, വൈശാഖ് ഡബ്ല്യു സി ഐ ഒ ശ്രിജി എന്നിവരും പങ്കെടുത്തു.
