കാട്ടാക്കട പുളിയറക്കോണത്ത് സെന്റ്‌ മേരീസ് സ്കൂളിന് സമീപത്തെ വീട് വാടകയ്ക്കെടുത്ത് വ്യാജവാറ്റ് നടത്തുകയായിരുന്നു ഇരുവരും.  400-ലിറ്റർ കോടയും 10- ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ചാരായം കടത്താനുപയോഗിക്കുന്ന കാറും കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: വീട് വാടകയ്ക്കെടുത്ത് ചാരായവാറ്റു നടത്തിയ രണ്ടംഗ സംഘം പിടിയിൽ. ക്രിസ്മസ്, ന്യൂയർ എന്നിവയോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റ് കണ്ടെത്തിയത്. പാലോട് പെരിങ്ങമല സ്വദേശി നൌഷാദ് ഖാൻ, ആറ്റിപ്ര സ്വദേശി അനിൽ കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. 

കാട്ടാക്കട പുളിയറക്കോണത്ത് സെന്റ്‌ മേരീസ് സ്കൂളിന് സമീപത്തെ വീട് വാടകയ്ക്കെടുത്ത് വ്യാജവാറ്റ് നടത്തുകയായിരുന്നു ഇരുവരും. 400-ലിറ്റർ കോടയും 10- ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ചാരായം കടത്താനുപയോഗിക്കുന്ന കാറും കസ്റ്റഡിയിലെടുത്തു. ക്രിസ്മസ്, ന്യൂ ഇയർ വിപണി ലക്ഷ്യം വച്ചായിരുന്നു വൻ തോതിലുള്ള വാറ്റെന്ന് എക്സൈസ് പറഞ്ഞു. നൗഷാദ് ഖാനെ കഴിഞ്ഞ ഓണക്കാലത്തും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. 1015-ലിറ്റർ കോടയും 15-ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കാറുമായാണ് അന്ന് ഇയാൾ അറസ്റ്റിലായത്. 

ജില്ലയിലെ മറ്റ് പല സ്ഥലങ്ങളിലും വീട് വാടകയ്ക്കെടുത്ത് ഇവർ വാറ്റ് നടത്തിയിരുന്നു. വട്ടിയൂർക്കാവ്, അഴീക്കോട്, ഇരുമ്പ, കരകുളം, ആനാട്, പാലോട് എന്നിവിടങ്ങളിലാണ് നേരത്തേ വാറ്റ് നടത്തിയിരുന്നത്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രജികുമാർ, നാസറുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, ഷജീർ, ശ്രീകാന്ത്, ശ്രീകേഷ്, മുഹമ്മദ് മിലാദ്, അധിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ അറസ്റ്റു ചെയ്തത്.