കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിക്ക് സമീപം പെരിക്കല്ലൂര്‍ തോണിക്കടവില്‍ നിന്ന് നാല് ലിറ്റര്‍ വാറ്റുചാരായവുമായി രണ്ട് പേര്‍ പിടിയില്‍. ജില്ലാ ആന്‍റി നാര്‍ക്കോട്ടിക് ടീം ആണ് പാരിപ്പള്ളിയില്‍ പി യു ബേബി (54), മേനാശേരി എം ടി ജോണി (54) എന്നിവരെ പിടികൂടിയത്. ഡിവൈഎസ്‍പി വി റെജികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തോണിക്കടവിലെ ഒരു സ്വകാര്യ റിസോര്‍ട്ടിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. പ്രദേശത്ത് വ്യാജമദ്യവില്‍പ്പനയും വാറ്റും സജീവമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കര്‍ണാടക അതിര്‍ത്തി പ്രദേശമായതിനാലും വനപ്രദേശങ്ങള്‍ ധാരാളമുള്ളതുകൊണ്ടും ലഹരിമാഫിയകള്‍ ഇവിടെ തമ്പടിക്കുകയാണ്. പുല്‍പ്പള്ളിയില്‍ എക്‌സൈസ് ഓഫീസ് ഇല്ലാത്തതും ഇത്തരക്കാര്‍ക്ക് തുണയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് എക്‌സൈസ് ഈ മേഖലയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമ്പതിനായിരം രൂപ വില മതിക്കുന്ന നിരോധിത പാന്‍മസാലയുമായി യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.