നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവതികള്‍ പിടിയിലായി. ബാങ്കോക്കിൽ നിന്നുമെത്തിയ ഇവരുടെ കയ്യിൽ നിന്ന് 1.5 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ ഇന്നും കഞ്ചാവ് വേട്ട. മുംബൈ സ്വദേശിനികളായ സബാ റാഷിദ്, ഷാജിയ അമര്‍ ഹംസ എന്നിവരെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്. സബായുടെ പക്കല്‍ നിന്ന് 754 ഗ്രാമും, ഷാജിയയുടെ പക്കല്‍ നിന്ന് 750 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്.

ബാങ്കോക്കിൽ നിന്നുമാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. തുടര്‍ന്ന് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് വലിയ പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഇവര്‍ക്ക് രാജ്യാന്തര ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും അധികൃതര്‍ പരിശോധിച്ചുവരുകയാണ്. ഇന്ന് വൈകിട്ടോടെയാണ് ഇവര്‍ പിടിയിലായത്.

ഇതിനിടെ, പശ്ചിമ കൊച്ചിയില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. 500 ഗ്രാം എംഡിഎംഎ കണ്ടെത്തിയ സംഭവത്തില്‍ ഒരു സ്ത്രീയ്ക്കും പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. തോപ്പുംപടി, മട്ടാഞ്ചേരി മേഖലകളില്‍ നിന്നായി വന്‍തോതില്‍ എംഡിഎംഎ കണ്ടെടുത്ത കേസിലാണ് മലപ്പുറം സ്വദേശി ആഷിക് അറസ്റ്റിലായത്.

ഒമാനില്‍ നിന്നാണ് ആഷിക് ലഹരി എത്തിച്ചിരുന്നത്. മാഗി ആഷ്ന എന്ന സ്ത്രീയുടെ സഹായത്തോടെയാണ് ലഹരി കടത്തെന്നാണ് ആഷിക്കിന്‍റെ മൊഴി. അയിഷ ഗഫാര്‍ സയിദ് എന്ന മറ്റൊരു സ്ത്രീയും പിടിയിലായിട്ടുണ്ട്. ആകെ പത്തു പേരാണ് ഈ ലഹരി കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഒരു ലക്ഷം രൂപ പ്രതിഫലത്തിനാണ് വിദേശത്തു നിന്ന് ലഹരി എത്തിച്ചിരുന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

മർദനമേറ്റ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം ഹൃദയാഘാതം

YouTube video player