പെരിന്തൽമണ്ണ: വാഹനങ്ങളുടെ ആർ സി ബുക്കുകളും ലൈസൻസുകളും മറ്റും വ്യാജമായി  നിർമ്മിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ  പെരിന്തൽമണ്ണ പൊലീസ് പിടികൂടി. മലപ്പുറം പൊൻമള പട്ടത്ത് മൊയ്തീൻ എന്ന മൊയ്തീൻ കുട്ടി (44), പെരിന്തൽമണ്ണ പട്ടിക്കാട് മുള്ളിയാ കുർശ്ശി നമ്പൂത്ത് ശിഹാബുദ്ധീൻ (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണ കെ എസ് ആർ ട്ടി സി ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഷിഹാബിനെ മാരേജ് സർട്ടിഫിക്കറ്റുമായി പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ  മലപ്പുറം കോട്ടപ്പടിയിൽ പ്രിന്റെക്‌സ് എന്ന പ്രിന്റിംഗ് സ്ഥാപനത്തിൽ വച്ച്   മോയ്തീൻ കുട്ടിയാണ് സർട്ടിഫിക്കറ്റുകൾ വ്യാജമായി  ഉണ്ടാക്കി എത്തിക്കുന്നതെന്നും പൊലീസിന് വിവരം ലഭിച്ചു. 

തുടർന്നാണ് പല പേരിലുള്ള  ആർ സികളും ലൈസൻസുകളുമായി പെരിന്തൽമണ്ണ സി ഐശശീന്ദ്രൻ മേലെയിൽ മൊയ്തീൻ കുട്ടിയെ കസ്റ്റഡിയിലെടുത്തത്. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, പ്രിന്റർ, ലാമിനേഷൻ മെഷീൻ, സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യാനുള്ള പ്രത്യേക തരം പേപ്പർ എന്നിവ കണ്ടെടുത്തു. മൊമെന്റോകളും മറ്റും പ്രിന്റ് ചെയ്യുന്നതിന്റെ  മറവിൽ മൊയ്തീൻ കുട്ടി വ്യാജ സർട്ടിഫിക്കറ്റുകളും മറ്റും നിർമ്മിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. പെരിന്തൽമണ്ണ ഡിവൈഎസ്പി പി സി ഹരിദാസ്, സി ഐ ശശീന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.