ഇതിന് മുമ്പും നിരവധി തവണ ബൈക്കിലെത്തി പ്രായമായ സ്ത്രീകളുടെ സ്വര്‍ണ്ണമാലകള്‍ കവര്‍ന്നിട്ടുണ്ടെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. 

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ബൈക്കിലെത്തി മാല പിടിച്ച് പറിക്കുന്ന രണ്ട് യുവാക്കള് അറസ്റ്റില്‍. പ്രായമായ സ്ത്രീകളുടെ ആഭരണങ്ങള്‍ പിടിച്ചുപറി നടത്തുന്ന സംഘമാണ് പന്നിയങ്കര പൊലീസിന്‍റെ പിടിയിലായത്. കോഴിക്കോട് നടുവട്ടം ചെറുകണ്ടത്തില്‍ ജംഷീദ്, ചക്കുംകടവ് ആനമാട് നിസാമുദ്ദീന്‍ എന്നിവരെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലായില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് അറുപത് വയസുകാരിയുടെ ഒന്നര പവന്‍ തൂക്കം വരുന്ന താലിമാല പിടിച്ച് പറിച്ച കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

പ്രതികള്‍ വട്ടക്കിണര്‍ ഭാഗത്തുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങള്‍ സ്ഥലം വളയുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തുകയുമായിരുന്നു. ഇതിന് മുമ്പും നിരവധി തവണ ബൈക്കിലെത്തി പ്രായമായ സ്ത്രീകളുടെ സ്വര്‍ണ്ണമാലകള്‍ കവര്‍ന്നിട്ടുണ്ടെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കല്ലായി ഗുഡ്സ് ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ചുമട്ടുകാരന്‍റെ ബൈക്ക് കള്ളത്താക്കോലിട്ട് തുറന്നാണ് യുവാക്കള്‍ മോഷണത്തിനിറങ്ങിയിരുന്നത്. പിടിച്ചു പറിക്ക് ശേഷം ബൈക്ക് യഥാസ്ഥാനത്ത് കൊണ്ട് വയ്ക്കും.

ജില്ലയിലും പുറത്തും നൂറോളം കേസുകളില്‍ പ്രതിയാണ് ജംഷീദ്. ലഹരിക്ക് അടിമയാണ് പ്രതികള്‍. പിടിച്ച് പറിച്ച മാലകള്‍ പണയം വെക്കുകയോ വില്‍ക്കുകയോ ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ലഹരി മരുന്ന് വാങ്ങി ഉപയോഗിക്കുന്നത്. ബൈക്ക് ഓടിച്ചിരുന്നതും പിടിച്ച് പറിച്ച മാലകള്‍ വില്‍പ്പന നടത്തിയിരുന്നതും നിസാമുദ്ദീന്‍ ആയിരുന്നു. ആളുകള്‍ പിന്തുടര്‍ന്നാല്‍ മസിലാകാതിരിക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ ഇരുന്ന് കൊണ്ട് തന്നെ ഷര്‍ട്ട് മാറ്റുന്നതാണ് ഇവരുടെ രീതി. പ്രതികള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണോ എന്ന പരിശോധനയിലാണ് പൊലീസ്.