തമിഴ്‌നാട്ടിലെ കമ്പം ഭാഗത്ത് നിന്നും വാങ്ങിയ കഞ്ചാവാണ് കൈവശമുള്ളതെന്ന് പിടിയിലായവര്‍  എക്‌സൈസിനോട് സമ്മതിച്ചു. കഞ്ചാവ് കടത്തികൊണ്ടുവരാന്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘവും ഇവരെ സഹായിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.  

ആലപ്പുഴ: ആലപ്പുഴയില്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വന്‍ കഞ്ചാവുവേട്ട. പരിശോധനയില്‍ വടക്കന്‍ പറവുര്‍ താലൂക്കില്‍ ആലങ്ങാട് വില്ലേജില്‍ പാലയ്ക്കല്‍ വീട്ടില്‍ ശരത് രവീന്ദ്രന്‍ (26), അമ്പലപ്പുഴ താലൂക്കില്‍ പാതിരപ്പള്ളി വില്ലേജില്‍ ചെട്ടികാട് ദേശത്ത് കൊച്ചീക്കാരന്‍ വീട്ടില്‍ റെയിനോര്‍ഡ് (19) എന്നിവരെ വില്‍പ്പനക്കായി തയാറാക്കി വെച്ചിരുന്ന 2.100 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. 

തീരദേശ മേഖലയില്‍ വ്യാപകമായി കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എന്‍ ഷായുടെ നിര്‍ദ്ദേശാനുസരണം പാതിരാപ്പള്ളി ചെട്ടികാട്, തുമ്പോളി ഭാഗങ്ങളില്‍ പരിശോധന നടത്തിയത്. തമിഴ്‌നാട്ടിലെ കമ്പം ഭാഗത്ത് നിന്നും വാങ്ങിയ കഞ്ചാവാണ് കൈവശമുള്ളതെന്ന് പിടിയിലായവര്‍ എക്‌സൈസിനോട് സമ്മതിച്ചു. കഞ്ചാവ് കടത്തികൊണ്ടുവരാന്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘവും ഇവരെ സഹായിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.