കടുത്ത പ്രമേഹ രോഗത്തെ തുടര്‍ന്ന് പല്ലുകള്‍ നീക്കം ചെയ്തു. പകരം വെക്കാത്തതിനാല്‍ ഭക്ഷണം പോലും കഴിക്കാനാവുന്നില്ല. ഹൃദ് രോഗവും അലട്ടുന്നു. 

മേപ്പാടി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി. എ ചുമത്തി ആറു വർഷമായി റിമാന്റിൽ കഴിയുന്ന മേപ്പാടി സ്വദേശി ഇബ്രാഹിമിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ബന്ധുക്കള്‍. ചികില്‍സക്ക് വേണ്ടി പരോളോ ജാമ്യമോ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനോരുങ്ങുകയാണ് ഇബ്രാഹിമിന്‍റെ കുടുംബം.

കടുത്ത പ്രമേഹ രോഗത്തെ തുടര്‍ന്ന് പല്ലുകള്‍ നീക്കം ചെയ്തു. പകരം വെക്കാത്തതിനാല്‍ ഭക്ഷണം പോലും കഴിക്കാനാവുന്നില്ല. ഹൃദ് രോഗവും അലട്ടുന്നു. ഓരോ ആഴ്ച്ചയും വിയ്യൂര്‍ ജെയിലില്‍ നിന്നും വീട്ടിലേക്കുള്ള ഇബ്രാഹിമിന്‍റെ ഫോണ്‍ വിളികള്‍ പേടിയോടെയാണ് കുടുംബം കേള്‍ക്കുന്നത്. 6 വര്‍ഷത്തിനിടെ മേപ്പാടി നെടുങ്കരണയിലെ വീട്ടിലെത്തിയത് മൂന്നു മണിക്കൂര്‍ നേരത്തേക്ക് ലഭിച്ച പരോളില്‍ മാത്രം.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് വടകരയില്‍ നിന്നുമാണ് എന്‍ഐഎ ഇബ്രാഹിമിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല വിചാരണ വൈകുന്നത് ചൂണ്ടികാട്ടി പലതവണ കുടുംബം ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി.. ആരോഗ്യനില മോശമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര‍് ഇടപെട്ട് ജാമ്യമനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

ഗുരുതര രോഗമുള്ളവര‍്ക്ക് ജയിലില്‍ നിന്നും കോവിഡ് ബാധിക്കാന്‍ സാധ്യത കുടുതലയാതിനാല്‍ ജാമ്യമോ പരോളോ അനുവദിക്കാമെന്ന് സുപ്രീം കോടതി വിധിയാണ് ഇനിയുള്ള പ്രതീക്ഷ. ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണെന്നാവശ്യപെട്ട് വിവിധ രാഷ്ട്രീയ സാമൂഹ്യ സാസ്കാരിക നേതാക്കളും മനുഷ്യാവകാശപ്രവര‍്ത്തകരും മുഖ്യമന്ത്രിയെ സ മീപിച്ചിട്ടുണ്ട്.