കൊച്ചിയിലെ കുമ്പളങ്ങി പഞ്ചായത്തിൽ സ്വകാര്യ വ്യക്തികളുടെ 200 ഏക്കറോളം വരുന്ന മത്സ്യക്കെട്ടുകളിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. കരിമീൻ, കാര ചെമ്മീൻ എന്നിവ ഉൾപ്പെടെ ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

കൊച്ചി: കുമ്പളങ്ങി പഞ്ചായത്തിലെ വിവിധ മത്സ്യക്കെട്ടുകളിൽ മീനുകൾ കൂട്ടത്തോടെ ചത്ത്‌ പൊങ്ങി. തിങ്കളാഴ്ച പുലർച്ചയോടെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്വകാര്യ വ്യക്തികൾ നടത്തിയിരുന്ന 200 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലാണ് കരിമീൻ, കാര, ചെമ്മീൻ തുടങ്ങിയവ കൂട്ടത്തോടെ ചത്ത്‌ പൊങ്ങിയത്. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. അടുത്ത മാസം വിളവ് എടുക്കാനിരിക്കെയാണ് ദുരന്തം. ഫിഷറീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. കഴിഞ്ഞ ഞായറാഴ്ച കുമ്പളങ്ങി പഞ്ചായത്ത് പാട്ടത്തിന് നൽകിയിരുന്ന കല്ലഞ്ചേരി കെട്ടിലും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയിരുന്നു. കുമ്പളങ്ങിയിലെ കെട്ടുകളിൽ തുടർച്ചയായി മീനുകൾ ചത്ത്‌ പൊങ്ങുന്നത് നാട്ടുകാരിലും ആശങ്ക പരത്തിയിരിക്കയാണ്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.