മഞ്ചേരി: ദേശീയ ജനസഖ്യാ കണക്കെടുപ്പ് നടപടികൾ കേരളത്തിൽ ഇപ്പോഴും തുടരുകയാണെന്ന ആരോപണവുമായി യുഡിഎഫ്. എൻപിആർ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര നിർദ്ദേശം അടിസ്ഥാനമാക്കി മഞ്ചേരി നഗരസഭ സെക്രട്ടറി സെൻസസ് ഉദ്യോഗസ്ഥർക്ക് അയച്ച കത്ത് പ്രതിപക്ഷ ഉപനേതാവ് പുറത്തുവിട്ടു. വിവാദമായതോടെ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന വിശദീകരണവുമായി മലപ്പുറം കളക്ടർ ജാഫർ മാലിക് രംഗത്തെത്തി.

എൻപിആർ സംബന്ധിച്ച് വ്യക്തത നൽകിയിട്ടും വീഴ്ച വരുത്തിയതിന് മഞ്ചേരി നഗരസഭയിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് മലപ്പുറം ജില്ലാ കളക്ടർ വ്യക്തമാക്കുന്നു.

ദേശീയ ജനസംഖ്യാ രജിസ്റ്റർ കേരളം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും ജനസംഖ്യാ രജിസ്റ്ററിനുള്ള നടപടി തുടങ്ങിയതായി താമരശ്ശേരി തഹസിൽദാർ നോട്ടീസിറക്കിയത് വിവാദമായിരുന്നു. ഈ നോട്ടീസ് തള്ളിക്കൊണ്ട് ഈ മാസം പതിനാറിന് പ്രിൻസിപ്പൽ സെക്രട്ടറി കളക്ടർമാർക്ക് അയച്ച കത്താണിത്. 

:പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ കളക്ടർമാർക്ക് നൽകിയ കത്ത്

എൻപിആർ നടപടിയുമായി ഉദ്യോഗസ്ഥർ മുന്നോട്ടുപോയാൽ നടപടിയുണ്ടാകുമെന്ന് കത്തിൽ പറയുന്നു. ഇതേ സമയം തന്നെയാണ്  എൻപിആർ നടപടികൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതുമായി  ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ കത്ത് നൽകുന്നത്. സെൻസസ് ഡയറക്ടറുടെ  ഈ കത്ത് അടിസ്ഥാനമാക്കി മഞ്ചേരി നഗരസഭ ജനസംഖ്യാ രജിസ്റ്റർ സൂപ്പർവൈസർമാരായ പ്രധാന അധ്യാപകർക്ക് അയച്ച കത്താണ് താഴെ കാണുന്നത്.

:മഞ്ചേരി നഗരസഭ പ്രധാനാധ്യാപകർക്ക് അയച്ച കത്ത്

എൻപിആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര നിർദ്ദേശം സംസ്ഥാനം നടപ്പാക്കുന്നതിന്‍റെ തെളിവാണ് ഈ കത്ത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എൻപിആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം നവംബർ 12-ന് സംസ്ഥാന സർക്കാർ ഇറക്കിയ വിജ്ഞാപനം സർക്കാർ ഇതുവരെ റദ്ദാക്കിയിട്ടില്ല എന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

''വെറുതെ കവലപ്രസംഗം നടത്തുകയോ മനുഷ്യശൃംഖല നടത്തുകയോ ചെയ്താൽ മാത്രം പോരാ, ചട്ടപ്രകാരമുള്ള നടപടികളും പൂർത്തിയാക്കണം സർക്കാർ. അത് ചെയ്യാത്തതെന്താണ്?'', പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ ചോദിക്കുന്നു.

ജനസംഖ്യാ രജിസ്റ്ററുമായി  സഹകരിക്കില്ല എന്ന് നേരത്തേ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ജനസംഖ്യാ രജിസ്റ്ററിലെ ഒരു ചോദ്യവും കേരളത്തില്‍ ചോദിക്കില്ലെന്നും ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.