വണ്ടൂർ: വാശിയേറിയ മത്സരത്തിനൊടുവിൽ പരാജയപ്പെടുക. തോൽപ്പിച്ചവരുടെ ആഹ്ലാദപ്രകടനത്തിനിടെ വിജയിച്ച സ്ഥാനാർഥിക്ക് നേരിട്ടെത്തി നിറഞ്ഞ പുഞ്ചിരിയോടെ ഹാരമണിയിക്കുക. ഈ കാഴ്ചയെ ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിപ്പോൾ. വണ്ടൂർ പഞ്ചായത്തിൽ നിന്നാണ് ജനാധിപത്യ മര്യാദയുടെ ഈ മനോഹര കാഴ്ച. 

വണ്ടൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽനിന്ന് വിജയിച്ച എൽ.ഡി.എഫ്. സ്ഥാനാർഥി വി. ജ്യോതികയ്ക്കാണ് പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാർഥി സലീന പാങ്ങാടാൻ രക്തഹാരമണിയിച്ചത്. 180 വോട്ടിനാണ് സലീന പരാജയപ്പെട്ടത്. വോട്ടർമാർക്ക് നന്ദിയറിക്കാനായി ജ്യോതിക എൽ.ഡി.എഫ്. പ്രവർത്തകർക്കൊപ്പം വാർഡിലെത്തിയപ്പോഴാണ് തന്റെ വീടിന് മുന്നിൽവെച്ച് സ്വീകരണ വാഹനത്തിലേക്ക് നേരിട്ടെത്തി സലീന അനുമോദിച്ചത്. പ്രവർത്തകർ പകർത്തിയ ഈ ദൃശ്യം ഇപ്പോൾ വൈറലാണ്.