യുഡിഎഫ് വിമതരെ ഒപ്പം കൂട്ടി അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ഭരണം അട്ടിമറിക്കാനാണ് എൽഡിഎഫിന്‍റെ നീക്കം. കോൺഗ്രസ് വിമത ഓമന സാബു ഇടത് പിന്തുണയോടെ പുതിയ ചെയർപേഴ്സണാകും.

കൊച്ചി: ചെയർപേഴ്സണെ ചൊല്ലി എ, ഐ ഗ്രൂപ്പ് വടം വലി തുടരുന്നതിനിടെ എറണാകുളം തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകുന്നു. യുഡിഎഫ് വിമതരെ ഒപ്പം കൂട്ടി അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ഭരണം അട്ടിമറിക്കാനാണ് എൽഡിഎഫിന്‍റെ നീക്കം. കോൺഗ്രസ് വിമത ഓമന സാബു ഇടത് പിന്തുണയോടെ പുതിയ ചെയർപേഴ്സണാകും.

43 അംഗ തൃക്കാക്കര നഗരസഭയിൽ യുഡിഎഫിന് 21, എല്‍ഡിഎഫിന് 17, കോണ്‍ഗ്രസ് വിമതർ അഞ്ച് എന്നിങ്ങനെയാണ് അംഗ സംഖ്യ. വിമതരെ ഒപ്പം കൂട്ടി കഴിഞ്ഞ രണ്ടര വർഷം, ഐ ഗ്രൂപ്പിലെ അജിത തങ്കപ്പൻ നഗരസഭ ഭരിച്ചു. മുൻ നിശ്ചയിച്ച പ്രകാരം എ ഗ്രൂപ്പിന് ചെയർപേഴ്സൺ സ്ഥാനം വിട്ടുകൊടുക്കാൻ അജിത തങ്കപ്പൻ തുടക്കത്തിൽ തയ്യാറായില്ല. അജിതയെ രാജിവെപ്പിച്ച് എ ഗ്രൂപ്പിലെ രാധാതങ്കമണിയെ ചെയർപേഴ്സണാക്കാൻ യുഡിഎഫിനകത്ത് ചർച്ച തുടരുമ്പോഴാണ് എൽഡിഎഫ് ക്യാമ്പിന്റെ ചടുലമായ നീക്കം. സിപിഎം തൃക്കാക്കര ഏരിയ സെക്രട്ടറി ഉദയ കുമാർ നാല് യുഡിഎഫ് സ്വതന്ത്രരുമായി ചർച്ച നടത്തുകയും അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസിൽ ഇവരുടെ ഒപ്പ് വാങ്ങിക്കുകയും ചെയ്തു. മാധ്യമങ്ങളെ കണ്ട യുഡിഎഫ് സ്വതന്ത്രർ ഇനി ഇടത് പിന്തുണയിൽ നഗരസഭ ഭരിക്കുമെന്ന് അവകാശപ്പെട്ടു. ഓമന സാബുവാകും പുതിയ ചെയർപേഴ്സൺ.

Also Read: തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍; സ്വകാര്യ ബില്ലിനെ എതിർത്ത് കേരള സർക്കാർ

ഇടഞ്ഞ് നിൽക്കുന്ന വിമതൻമാരിൽ ഒരാളെയെങ്കിലും ഒപ്പം കൂട്ടിയാൽ യുഡിഎഫിന് ഭരണം നിലനിർത്താനാകും. അതിനായി അവിശ്വാസ പ്രമേയ അവതരണത്തിന് മുൻപേ സംസ്ഥാന നേതാക്കളെ രംഗത്തിറക്കി സ്വതന്ത്രരിൽ സമ്മർദ്ദം ശക്തമാക്കാനാണ് എറണാകുളം ഡിസിസിയുടെ ശ്രമം.

YouTube video player