ഇടുക്കി: സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയും ഉത്തരവുകളും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗസ് കൂട്ടുനില്‍ക്കുകയാണെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ. ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മിക്കുന്ന വീടുകള്‍ക്കും വര്‍ഷങ്ങള്‍ പഴക്കമുള്ള വീടുകള്‍ക്കും അറ്റകുറ്റപ്പണി നടത്താന്‍ റവന്യുവകുപ്പിന്റെ എന്‍ഒസി ആവശ്യമില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ഹേറേഞ്ചിലെ താമസക്കാരുടെ പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍വ്വകക്ഷി പ്രതിനിധികളുള്‍പ്പെടെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിവരുന്ന ലൈഫ് പദ്ധതിയും സര്‍ക്കാര്‍ ഉത്തരവുകളും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണെന്നാണ് എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ആരോപണം. പഴയവീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും താമസക്കാരുടെ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ നടത്തുവാനുള്ള ശ്രമങ്ങള്‍ക്കും കോണ്‍ഗ്രസ് തുരങ്കം വയ്ക്കുകയാണ്. ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് റവന്യുവകുപ്പിന്റെ എന്‍ഒസി ആവശ്യമില്ല. ദേവികുളം സ്പെഷല്‍ തഹസില്‍ദാറായ ബിനുവിനെപ്പോലുള്ള ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്തുവാനും കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് സര്‍ക്കാറിന്റെ നയങ്ങള്‍ അട്ടമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും റവന്യുവകുപ്പ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വാടകക്കാരെ ഇറക്കി വിടാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വാസ്തവിരുധമാണ്. അനാഥരായവര്‍ക്ക് സംരക്ഷണം നല്‍കുവാനാണ് ശ്രമിച്ചിട്ടുള്ളത്. വാടക പോലും വാങ്ങാതെയാണ് രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുവാന്‍ തയ്യാറായത്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ തോട്ടം മേഖലയിലും ആദിവാസി മേഖലയിലും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കില്‍  പരിഹരിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ കാഴ്ച്ചപ്പാടില്ലാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിയ്‌ക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്നും അത്തരത്തിലുള്ള ആളുകള്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും എംഎല്‍എ പറഞ്ഞു.
Read more: എസ് രാജേന്ദ്രൻ എംഎല്‍എ കുടിയൊഴിപ്പിക്കാന്‍ നോക്കുന്നുവെന്ന് മൂന്നംഗ കുടുംബം