കോണ്‍ഗ്രസിലെ നൗഷാദ് ബാബു പ്രസിഡന്റായും മുസ്ലീം ലീഗിലെ ശാരദ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു

പാലക്കാട്: കല്ലടിക്കോട് തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് ഭരണം എൽ ഡി എഫിൽ നിന്നും യു ഡി എഫ് പിടിച്ചെടുത്തു. വോട്ടെടുപ്പിൽ കോണ്‍ഗ്രസിലെ നൗഷാദ് ബാബു പ്രസിഡന്റായും മുസ്ലീം ലീഗിലെ ശാരദ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ആറിനെതിരേ ഒമ്പതു വോട്ടുകള്‍ക്കാണ് രണ്ടു പേരുടേയും വിജയം.

പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു

പതിനഞ്ചംഗ ഗ്രാമപ്പഞ്ചായത്തില്‍ നിലവില്‍ യു ഡി എഫിന് എട്ടും എല്‍ ഡി എഫിന് ഏഴും അംഗങ്ങളാണ് ഉള്ളത്. ഇടതുമുന്നണി സ്വതന്ത്രനായ അബൂബക്കര്‍ വോട്ടെടുപ്പില്‍ യു ഡി എഫിനൊപ്പം നിന്നതോടെയാണ് ലീഡ് ഉയര്‍ന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്‍ ഡി എഫിന് ഒമ്പതു പേരുടെ പിന്തുണയുണ്ടായിരുന്നു. സി പി എമ്മിലെ ഒ നാരായണന്‍ കുട്ടിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ പിന്നീട് തുടര്‍ച്ചയായി നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതോടെയാണ് എല്‍ ഡി എഫിന് ഭൂരിപക്ഷം നഷ്ടമായത്. ഒരു സി പി എം അംഗം മരണമടയുകയും സി പി ഐ അംഗം ജോര്‍ജ്ജ് തച്ചമ്പാറ രാജിവെക്കുകയും ചെയ്തപ്പോഴായിരുന്നു ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത്. ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റും യു ഡി എഫ് പിടിച്ചെടുക്കുകയാരുന്നു. ഇതാണ് യു ഡി എഫിന് ഭരണം പിടിക്കാൻ തുണയായത്.

ഭൂരിപക്ഷം നഷ്ടമായ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെച്ചതോടെയാണ് വീണ്ടും ആ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വോട്ടെടുപ്പിൽ വിജയം നേടിയതോടെ യു ഡി എഫ് വലിയ ആഹ്ളാദത്തിലാണ്. പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതും പ്രവർത്തകർ ആഘോഷമാക്കി. അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒമ്പതു പേരുടെ പിന്തുണയുണ്ടായിരുന്ന സാഹചര്യത്തിൽ നിന്ന് ഭരണം നഷ്ടമായത് എല്‍ ഡി എഫിന് വലിയ ക്ഷീണമായി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം