കോഴിക്കോട്: ആലത്തൂർ എം പി ആയതോടെ  രമ്യ ഹരിദാസ്  സ്ഥാനം രാജി വച്ചതിനെ തുടർന്ന് നടന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. പുവ്വാട്ടുപറമ്പ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി നസീബ റായ് 905 വേട്ടുകൾക്കാണ് വിജയിച്ചത്.

എൽ ഡി എഫ് സ്ഥാനാർത്ഥി ദീപയെ പരാജയപ്പെടുത്തിയാണ് നസീബ റായ് സീറ്റ് നിലനിർത്തിയത്. രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചായിരുന്നു ആലത്തൂർ ലോക്സഭ മണ്ഡലത്തിൽ മത്സരിച്ചത്. പിന്നീട് എം പി ആയതോടെയാണ് ഡിവിഷൻ കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നത്. ഇതോടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണവും യു ഡി എഫ് നിലനിർത്തി. യു ഡി എഫിന് പത്തും എൽ ഡി എഫിന് ഒൻപതും പ്രതിനിധികളാണ് ഇവിടെയുള്ളത്.