തിരുവനന്തപുരം: ചാവക്കാട് കൊലപാതകം എസ്ഡിപിഐ ആസൂത്രിതമായി നടത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുമ്പോള്‍ പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാത്തതെന്തെന്ന വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. പോപ്പുലർ ഫ്രണ്ട് യുഡിഎഫിന്‍റെ സഖ്യ കക്ഷിയായതിനാലാണ് തള്ളിപ്പറയാൻ സാധിക്കാത്തതെന്ന് എ എ റഹീം കുറ്റപ്പെടുത്തുന്നു. ഏറെക്കാലമായി പോപ്പുലർ ഫ്രണ്ട് യുഡിഎഫുമായി രാഷ്ട്രീയ സഖ്യത്തിലാണ്. 

കഴിഞ്ഞ തെരഞ്ഞെടുപ്പിലുൾപ്പെടെ ഇവർ തമ്മിലുള്ള ബന്ധം പരസ്യമായതാണെന്നാണ് എ എ റഹീം ആരോപിക്കുന്നത്. മുസ്‍ലിം ലീഗാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ ലീഗ് പ്രവർത്തകനെ പോപ്പുലർ ഫ്രണ്ടുകാർ ക്രൂരമായി വെട്ടിക്കൊന്നു. കൊന്ന പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാതെ കൊല്ലപ്പെട്ട സ്വന്തം പ്രവർത്തകനെ തള്ളിപ്പറയുകയായിരുന്നു ലീഗ് നേതൃത്വമെന്നും റഹീം ആരോപിക്കുന്നു. 

പോപ്പുലർ ഫ്രണ്ടിനെ ഘടക കക്ഷിയായി ഔദ്യോഗികമായി പരസ്യപ്പെടുത്താൻ ഇനിയെങ്കിലും യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നാണ് റഹീം ആവശ്യപ്പെടുന്നത്. എന്തിനും ഏതിനും സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പ്രവർത്തകന്‍റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമോയെന്നും എ എ റഹീം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. 

എ എ റഹീമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

കോൺഗ്രസ്സ് നേതാവിനെ വെട്ടിക്കൊന്നിട്ടും പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാതെ കോൺഗ്രസ്സ്. തള്ളിപ്പറയാൻ സാധിക്കാത്തത് പോപ്പുലർ ഫ്രണ്ട് യുഡിഎഫിന്റെ സഖ്യ കക്ഷിയായതിനാൽ. ഏറെക്കാലമായി പോപ്പുലർ ഫ്രണ്ട് യുഡിഎഫുമായി രാഷ്ട്രീയ സഖ്യത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലുൾപ്പെടെ ഇവർ തമ്മിലുള്ള ബന്ധം പരസ്യമായതാണ്. മുസ്ലിം ലീഗാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ ലീഗ് പ്രവർത്തകനെ പോപ്പുലർ ഫ്രണ്ടുകാർ ക്രൂരമായി വെട്ടിക്കൊന്നു. കൊന്ന പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാതെ കൊല്ലപ്പെട്ട സ്വന്തം പ്രവർത്തകനെ തള്ളിപ്പറയുകയായിരുന്നു ലീഗ് നേതൃത്വം.

ഒളിച്ചു കളി അവസാനിപ്പിക്കണം. 
പോപ്പുലർ ഫ്രണ്ടിനെ ഘടക കക്ഷിയായി ഔദ്യോഗികമായി പരസ്യപ്പെടുത്താൻ ഇനിയെങ്കിലും യുഡിഎഫ് നേതൃത്വം തയ്യാറാകണം.

എന്തിനും ഏതിനും സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പ്രവർത്തകന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമോ??