ഉദുമ  പഞ്ചായത്തിലെ ഏഴോളം വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്ന സില്‍വര്‍ ലെയിന്‍ പദ്ധതി കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ലെന്നാണ് പ്രമേയം പറയുന്നത്. 

പാലക്കുന്ന്: സില്‍വര്‍ ലെയിന്‍ പദ്ധതിക്കെതിരായ പ്രമേയം സിപിഎം (CPIM ) ഭരിക്കുന്ന ഉദുമ പഞ്ചായത്തില്‍ പാസായി. യുഡിഎഫ് (UDF) അവതരിപ്പിച്ച സില്‍വര്‍ ലെയിന്‍ പദ്ധതിയില്‍ (Silverline Project) നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണം എന്ന പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. മുസ്‌ലിം ലീഗിലെ ഹാരിസ് അങ്കക്കളരി ആണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അംഗം ചന്ദ്രൻ നാലാം വാതുക്കൽ പിന്താങ്ങി.

ഉദുമ പഞ്ചായത്തിലെ കക്ഷി നില സിപിഎം 10, യുഡിഎഫ് 9, ബിജെപി 2 എന്ന നിലയിലാണ്. ഉദുമ പഞ്ചായത്തിലെ ഏഴോളം വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്ന സില്‍വര്‍ ലെയിന്‍ പദ്ധതി കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ലെന്നാണ് പ്രമേയം പറയുന്നത്. നൂറോളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാകും എന്നാണ് പ്രമേയം പറയുന്നത്.

അതേ സമയം ബിജെപി പിന്തുണയോടെ യുഡിഎഫ് പ്രമേയം പാസാക്കിയത് വികസന വിരുദ്ധമായ നീക്കമാണ് എന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പി ലക്ഷ്മി പ്രതികരിച്ചത്. നേരത്തെ യുഡിഎഫ് കാലത്ത് അതിവേഗ റെയില്‍വെ പഠനത്തിനായി 28 കോടി മുടക്കിയ യുഡിഎഫ് ആണ് ഈ പ്രമേയം കൊണ്ടുവരുന്നത് എന്ന് അവര്‍ കുറ്റപ്പെടുത്തി. 

അതേ സമയം പ്രമേയം പാസാക്കിയ യുഡിഎഫ് അംഗങ്ങള്‍ക്ക് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി അഭിനന്ദനം നല്‍കി. സർക്കാരിനെതിരെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം പാസാക്കിയത് ആദ്യസംഭവമാണെന്ന് നേതാക്കള്‍ പറഞ്ഞു. 

YouTube video player

സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷ‌േധങ്ങൾ; പൊലീസിനെ ഇറക്കി പ്രതിരോധം തീർക്കാൻ സർക്കാർ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ പൊലീസിനെ (Police)ഇറക്കി പ്രതിരോധിക്കാൻ സര്‍ക്കാര്‍. കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥർക്ക് പോലീസ് സംരക്ഷണം തേടി കെ റെയില്‍ (k rail)സർക്കാരിന് കത്ത് നൽകി.സുരക്ഷയൊരുക്കാൻ ഡിജിപിക്ക് പ്രത്യേക നിർദേശം നൽകണമെന്നാണ് ആവശ്യം.പൊലിസല്ല പട്ടാളം വന്നാലും സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം തുടരുമെന്നാണ് സമരസമിതി പറയുന്നത്

സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുന്നതും വ്യാപകം. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് തടയാനുള്ള നീക്കത്തിലേക്ക് കെ റെയിൽ നീങ്ങുന്നത്.ഇനി മുതല്‍ കല്ലിടാനെത്തുന്നതിന് മുൻപ് കെ റെയിലിന്‍റെഉദ്യോഗസ്ഥൻ അതാത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കത്ത് നല്‍കും.കത്തിന്‍റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി പൊലീസെത്തും. 

ഉദ്യോഗസ്ഥർക്ക് പോലീസ് സംരക്ഷണം തേടി കെ റെയിൽ സർക്കാരിന് ഒരാഴ്ച മുൻപാണ് കത്ത് നൽകിയത്. സുരക്ഷയൊരുക്കാൻ ഡിജിപിക്ക് പ്രത്യേക നിർദേശം നൽകണമെന്നാണ് ആവശ്യം.ഇതിനായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഇല്ലെങ്കിൽ പദ്ധതിയുടെ പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കുമെന്നാണ് വിശദീകരണം .

മാർച്ച് 31 നുള്ളിൽ കല്ലിടൽ തീർക്കാനാണ് കെ റെയിൽ ശ്രമം,.കത്ത് പരിഗണിച്ച് പോലീസ് സംരക്ഷണം നൽകാൻ ഡിജിപിക്ക് സർക്കാർ നിർദേശം നൽകാനാണ് സാധ്യത.അങ്ങനെ വന്നാൽ കെ റെയിലിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ പോലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും. എന്നാൽ പൊലീസില്ല പട്ടാളം വന്നാൽ പ്രതിഷേധം ശക്തമാക്കുമെന്ന് സിൽവർലൈൻ സമരസമിതി വ്യക്തമാക്കി

 'സിൽവർ ലൈനിന് എതിരല്ല, സർക്കാർ വസ്തുതകൾ മറച്ചുവെക്കുന്നു': വീണ്ടും വിമർശിച്ച് സിംഗിൾ ബെഞ്ച്

സിൽവർ ലൈനിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി സിംഗിൾ ബെഞ്ച്. സിൽവർ ലൈനുമായി ബന്ധപ്പെട്ട വസ്തുതകൾ സർക്കാർ മറച്ചു വയ്ക്കുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. സിൽവർ ലൈനുമായി ബന്ധപ്പെട്ട വിവരങ്ങൾ കോടതി തേടുമ്പോൾ അതിനെതിരെ സർക്കാർ അപ്പീൽ നൽകുന്നു. സിൽവർ ലൈൻ പദ്ധതിക്ക് കോടതി എതിരല്ലെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണ് കോടതി ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ സർവെ തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബ‌െഞ്ച് ഇന്ന് വാക്കാൽ പരാമർശിച്ചതിന് പിന്നാലെയാണ് സിംഗിൾ ബെഞ്ച് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. രണ്ട് കേസുകളിലായി രണ്ട് തവണ സിംഗിൾ ബെഞ്ച് സിൽവർ ലൈൻ സർവെ നിർത്തിവെച്ചിരുന്നു. ജനുവരിയിലെ സിംഗിൾ ബെഞ്ച് ഉത്തരവ് നേരത്തെ തന്നെ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഫെബ്രുവരി ഏഴിന് പദ്ധതിയുടെ സർവെ നിർത്തിവെക്കാൻ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും റദ്ദാക്കുമെന്നാണ് ഇന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചിരിക്കുന്നത്. സർക്കാർ അപ്പീലിലാണ് വാക്കാൽ പരമാർശം. വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി. 

കേസ് പരിഗണിച്ചപ്പോൾ തന്നെ അഡ്വക്കേറ്റ് ജനറൽ, സിംഗിൾ ബെഞ്ചിന്റെ നിലപാടിൽ തന്റെ അതൃപ്തി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷൻ ബെഞ്ച് കേസിൽ വിധി പറയാൻ മാറ്റിയ കാര്യം സിംഗിൾ ബെഞ്ചിനെ അറിയിച്ചിരുന്നു. സർക്കാരിന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ സിംഗിൾ ബഞ്ച് ഉത്തരവിറക്കിയതെന്നും എജി ആരോപിച്ചു..