ഇടുക്കി: ഹൈക്കോടതിയുടെ നിര്‍ദ്ദേശം അവഗണിച്ച് മൂന്നാറില്‍ അനധികൃത നിര്‍മ്മാണം തകൃതി. അഞ്ചോളം ബഹുനില മന്ദിരങ്ങളാണ് മൂന്നാറില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ പോലും അവഗണിച്ച് ഉയരുന്നത്.  ഹൈക്കോടതി നിര്‍ദ്ദേശിച്ച ദൂരപരിധിയും ലംഘിക്കപ്പെട്ടു. കായലും പുഴകളും കൈയ്യേറി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ പൊളിച്ചുനീക്കുമ്പോഴും മൂന്നാറില്‍ കൈത്തോടുകളും പുഴകളും കൈയ്യേറി കെട്ടിട നിര്‍മ്മാണം തക്യതിയായി തുടരുകയാണ്. 

ഇനി ഞാന്‍ എങ്ങിനെ ഒഴുകണം:  ഇന്ന് മൂന്നാറില്‍ തോടും പുഴകളും ഒഴുകേണ്ടത് എങ്ങിനെയെന്ന് തീരുമാനിക്കേണ്ടത് കെട്ടിടയുടമകളാണ്. പഴയമൂന്നാറില്‍ തോടിന്‍റെ ദൂരപരിധി ലംഘിച്ച് യന്ത്രത്തിന്‍റെ സഹായത്തോടെ അടിത്തറയെടുക്കുന്ന ജെസിബി.

 

മൂന്നാര്‍ ടൗണ്‍, മൂന്നാര്‍ കോളനി, പഴയമൂന്നാര്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഇപ്പോഴും നിര്‍മ്മാണം നടക്കുന്നത്. മൂന്നാര്‍ കോളനിയില്‍ കൈത്തോടുമായുള്ള ദൂരപരിധി ലംഘിച്ച് യന്ത്രങ്ങളുടെ സഹായത്തോടെയാണ് സ്വകാര്യവ്യക്തി മഹുനിലമന്ദിരത്തിന് അടിത്തറയിടുന്നത്. ഇതിന് സമീപത്തെ മറ്റൊരു കെട്ടിടത്തിന് ദേവികുളം സബ് കളക്ടര്‍ കഴിഞ്ഞ ദിവസം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ചരിത്രമുറങ്ങുന്ന മുതിരപ്പുഴയുടെ സമീപപ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കെട്ടിടങ്ങളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമ്പോഴാണ് തോടുകളുടെ ദൂര പരിതി ലംഘിച്ച്  പുതിയ കെട്ടിടങ്ങള്‍ ഉയരുന്നത്. കഴിഞ്ഞ് കാലങ്ങളില്‍ പുഴയും മലയും വനവും കൈയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പലതും വി.എസ് സര്‍ക്കാറിന്‍റെ കാലം മുതല്‍  നിയമക്കുരുക്കിലാണ് വക്കിലാണ്. 

കോടതികളിലും അനധികൃത കെട്ടിട നിര്‍മ്മാണ കേസുകള്‍ നിരവധിയാണ്. പഴയമൂന്നാറില്‍, മൂന്നാര്‍ പഞ്ചായത്ത് തന്നെ നേരിട്ട് നിര്‍മ്മിച്ച ഷോപ്പിംങ്ങ് കോംപ്ലക്‌സ് ദൂരപരിതി ലംഘിച്ചതായി കണ്ടെത്തിയതോടെ നിയമകുരുക്കിലായി. എന്നാല്‍ ഇതിന്‍റെ  സമീപത്തായി സ്വകാര്യവ്യക്തി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്, ജില്ലാ ഭരണകൂടം അനുമതി നല്‍കുകയും ചെയ്തു. തോട് കൈയ്യേറി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ ഒരു നിലയോളം കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറിയിരുന്നു. പുഴയും മലയും വനവും സംരക്ഷിക്കാന്‍ നിയമിക്കപ്പെട്ടവര്‍ തന്നെയാണ് മൂന്നാറില്‍ ഇത്തരം അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് പച്ചക്കൊടികാണിക്കുന്നത്.  തോടുകള്‍ക്കും ആറുകള്‍ക്കും ഇനിയൊഴുകാന്‍ കഴിയാത്തവിധം കെട്ടിടങ്ങള്‍ ഉയരുന്നത് മൂന്നാറിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവും.