കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പില്‍ വൈവിധ്യമായ പോരാട്ടമായിരുന്നു നരിക്കുനി ഗ്രാമപഞ്ചായത്തിലെ ഒടുപ്പാറ വാര്‍ഡ് 12ല്‍. അമ്മാവനും മരുമകനും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ അവസാനം അമ്മാവന്‍ മരുമകനെ മലര്‍ത്തിഅടിച്ചു.

അമ്മാവന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി. അബ്ദുല്‍ മജീദും മരുമകന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷഫീഖ് പറശേരിയും തമ്മിലായിരുന്നു മത്സരം. മജീദിന്റെ സഹോദരി ആയിഷയുടെ മകനാണ് ഷഫീഖ്. സിപിഎമ്മിന്റെ കുത്തക വാര്‍ഡില്‍ അബ്ദുല്‍മജീദ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതോടെ വാര്‍ഡ് പിടിച്ചെടുക്കാനായി യുഡിഎഫ് മരുമകന്‍ ഷഫീഖിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

വീറും വാശിയും ഏറിയ മത്സരത്തിന്റെ ഫലം വന്നപ്പോള്‍ 28 വോട്ടിന് അമ്മാവന്‍ മജീദാണ് ഒടുപ്പാറയില്‍  വിജയിച്ചത്. അബ്ദുല്‍മജീദ് 544 വോട്ട് നേടിയപ്പോള്‍ ഷഫീഖിന് ലഭിച്ചത് 516 വോട്ടുകളാണ.് ബിജെപി സ്ഥാനാര്‍ത്ഥി ശബരി നൂറ് വോട്ടും ഇവിടെ സ്വന്തമാക്കി.

മത്സരത്തിനിറങ്ങിയപ്പോള്‍ തന്നെ സിപിഎമ്മിന് വന്‍ മേധാവിത്വമുള്ള വാര്‍ഡില്‍ വിജയത്തില്‍ കുറഞ്ഞൊന്നും അബ്ദുല്‍ മജീദ് പ്രതീക്ഷിരുന്നില്ല. കഴിഞ്ഞ അഞ്ച് തവണയും വാര്‍ഡ് എല്‍ഡിഎഫിനായിരുന്നു. എളേറ്റില്‍ എംജെഎച്ച്എസിലെ അധ്യാപകനാണ് ഷഫീഖ് പറശേരി. 2010ല്‍ ഇതേ വാര്‍ഡില്‍ മത്സരിച്ചെങ്കിലും കുറഞ്ഞ വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.