മലപ്പുറം ചെമ്മാട് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ചുമട്ടുതൊഴിലാളി മരിച്ചു. കുടിവെള്ള പദ്ധതിക്കായി എടുത്ത കുഴി അധികൃതർ മൂടാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
മലപ്പുറം: മകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡിൽ കോട്ടുവാലക്കാട് സ്വദേശി കുന്നത്തേരി മുസ്തഫ (60) ആണ് മരിച്ചത്. ചെമ്മാട് ടൗണിലെ സി ഐ ടി യു യൂണിയന്‍ ചുമട്ടുതൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ചെമ്മാട് - കക്കാട് റോഡില്‍ ചന്തപ്പടിയില്‍ വെച്ചായിരുന്നു അപകടം. കുടിവെള്ള പദ്ധതിക്കായി പൈപ്പിടാന്‍ റോഡില്‍ എടുത്ത കുഴി മൂടാതെ കിടന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കുഴിയില്‍ തെന്നി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മുസ്തഫയും മകന്‍ ഷുഹൈബും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ മുസ്തഫ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുടിവെള്ള പദ്ധതിക്കായി റോഡ് കീറിയ ശേഷം പൂര്‍വ്വസ്ഥിതിയിലാക്കാത്തത് മേഖലയില്‍ തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അധികൃതരുടെ അനാസ്ഥയിൽ ഒരു ജീവന്‍ പൊലിഞ്ഞതിന്‍റെ അമര്‍ഷത്തിലാണ് പ്രദേശവാസികൾ.
