Asianet News MalayalamAsianet News Malayalam

രക്തം പൊട്ടി ഒലിച്ച് ചത്തുപൊങ്ങി ലക്ഷക്കണക്കിന് രൂപയുടെ മത്സ്യം; സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത് ജീവിതമാര്‍ഗം

ലോക്ക്ഡൌണില്‍ ഉപജീവനമാര്‍ഗം നിലച്ചതോടെയാണ് മത്സ്യകൃഷി തുടങ്ങിയത്. മുടക്ക് മുതൽ ഉൾപ്പടെ ഏഴുലക്ഷത്തിലധികം രൂപ നഷ്ടം നേരിട്ട് യുവകര്‍ഷകര്‍

unidentified people poisons fish tank lose of lakhs for fish farmers in Kattakkada
Author
Kattakkada, First Published Aug 9, 2021, 1:11 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: ലോക്ക്ഡൗൺ  കാലത്ത്  ഉപജീവനത്തിനായി പാട്ടത്തിനെടുത്ത കുളങ്ങളിലെ  മൽസ്യ കൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. കുളത്തില്‍ വിഷം കലക്കിയതോടെ ലക്ഷകണക്കിന് രൂപയുടെ മത്സ്യങ്ങളാണ്  ചത്തുപൊങ്ങിയത്. കാട്ടാക്കട  ചൂണ്ടുപലക സ്വദേശിയും കൊറിയോ ഗ്രാഫറുമായ ദിലീപ് ഖാനും  സഹോദരങ്ങളായ അൻവർഖാൻ , അൻസർഖാൻ  എന്നിവരാണ്  എട്ടുമാസം മുൻപ്  ഡാൻസ് പ്രോഗ്രാമുകളും സ്റ്റേജ് പ്രോഗാമുകളും മറ്റു ഇവന്റുകളും ഇല്ലാതായതോടെ ഉപജീവനം ലക്ഷ്യമിട്ട് അഞ്ചുലക്ഷത്തോളം മുടക്കി  കാട്ടാകട അഞ്ചുതെങ്ങിൻമൂട് കുറ്റിക്കാട് കുളത്തിനു സമീപം  സ്ഥലം പാട്ടത്തിനെടുത്തു രണ്ടു  കുളം കുഴിച്ച്  ഫിഷറീസിന്റെ സഹായത്തോടെ മത്സ്യ  കൃഷി ആരംഭിച്ചത്.

റെഡ് തിലോപ്പിയ, ചിത്രലാട , രോഹു, കട്ല തൂടങ്ങിയ മത്സ്യ  കുഞ്ഞുങ്ങളെയാണ്  ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ചു നിക്ഷേപിച്ചിരുന്നത്. തീറ്റയും, പരിപാലനവുമായി മാസം പതിനയ്യായിരത്തോളം രൂപയോളം ഇതിനായി ചെലവിടുകയും ചെയ്തിരുന്നു. മീനുകൾക്ക് യഥേഷ്ടം വളരാനുള്ള എല്ലാ സംവിധാനവും ഈ ചെറു കുളങ്ങളിൽ ഒരുക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ്  ആദ്യം മത്സ്യങ്ങൾ  ചത്ത് പൊങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്  ആദ്യം അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാൽ  ഇവയെ പുറത്തെടുത്തു കുഴിച്ചിട്ടു.  ഞായറാഴ്ചയോടെ മൽസ്യങ്ങൾ കൂട്ടമായി ചത്ത് പൊങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മത്സ്യത്തിൽ  നിന്നും രക്തം പൊട്ടി ഒലിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. 

ഇതോടെയാണ് ആരോ മത്സ്യങ്ങളെ കൊന്നതാകാം എന്ന് മനസിലായത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഓണക്കാലത്ത് വിളവെടുക്കാൻ പാകത്തിന്  വളർച്ച എത്തിയ മുഴുവൻ മത്സ്യവും ഇതിനു ശേഷം സമയാസമയങ്ങളിൽ വിളവെടുക്കാനായി ഇടയ്ക്കു  നിക്ഷേപിച്ചിരുന്ന മത്സ്യങ്ങളും ചത്ത് പൊങ്ങിയത്. കഴിഞ്ഞ എട്ടു മാസത്തോളമുള്ള കഠിനാധ്വാനമാണ് സാമൂഹ്യ വിരുദ്ധർ തകർത്തത്.  മൂന്നുലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഈ ചെറുപ്പക്കാർക്ക് ഉണ്ടായത്. ഇതോടെമുടക്ക് മുതൽ ഉൾപ്പടെ ഏഴുലക്ഷത്തിലധികമാണ് അവർക്കിപ്പോൾ ബാധ്യത.   

രാത്രികാലങ്ങളിൽ മദ്യപാനികളുടെ സ്ഥിരം താവളമാണ് ഈ പ്രദേശം. കുളം ഒരുക്കിയിരിക്കുന്ന സ്ഥലത്തു നിന്നും പല ദിവസങ്ങളിലും ഒഴിഞ്ഞ മദ്യക്കുപ്പികൾ ലഭിക്കാറുണ്ടെന്നും കുളത്തിൽ നിന്നും പലപ്പോഴായി ഇവ നീക്കം ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഉടമസ്ഥര്‍ പറയുന്നു. കുളത്തിലെ വെള്ളവും, മത്സ്യവും പരിശോധനക്കായി  സാമ്പിൾ ശേഖരിച്ചതിന് ശേഷം കുളം വറ്റിച്ചു. ചത്തുപൊങ്ങിയ മൽസ്യങ്ങളെ മുഴുവൻ കുഴിച്ചു മൂടുകയും ചെയ്തു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios