ഒരു മാസം പ്രായമായ നെല്‍ച്ചെടികളാണ് പറിച്ച് നട്ട് രണ്ടുദിവസത്തിനുള്ളില്‍ വ്യാപകമായി നശിച്ച് പോകുന്നത്. 200 ഏക്കര്‍ സ്ഥലത്താണ് 100 ഓളം കര്‍ഷകരാണ് കൃഷി ചെയ്യുന്നത്.
തൃശൂര്‍: 200 ഏക്കറോളം പാടത്തേക്ക് പറിച്ച് നട്ട നെല്‍ച്ചെടികള്‍ ദിവസങ്ങൾക്കുള്ളിൽ കരിയുന്നു, ദുരിതത്തിലായി നെല്‍കര്‍ഷകര്‍. ചേറ്റുപുഴ കിഴക്കേ കോള്‍പടവിലെ 100 ഓളം കര്‍ഷകരാണ് പ്രതിസന്ധിയിലായത്. ഒരു മാസം പ്രായമായ നെല്‍ച്ചെടികളാണ് പറിച്ച് നട്ട് രണ്ടുദിവസത്തിനുള്ളില്‍ വ്യാപകമായി നശിച്ച് പോകുന്നത്. ബാക്ടീരീയ അണുരോഗ ബാധയാണ് ഇതിനെ കാരണമെന്നാണ് പ്രാഥമിക നിഗമനം. 200 ഏക്കര്‍ സ്ഥലത്താണ് 100 ഓളം കര്‍ഷകരാണ് കൃഷി ചെയ്യുന്നത്.
നെല്ലിന്റെ കൂമ്പ് പൂര്‍ണമായി കരിഞ്ഞ് പോവുന്നതായാണ് പരാതി. ഉമ ഇനത്തില്‍പ്പെട്ട വിത്ത് വിതച്ചാണ് ചെടി ആക്കിയത്. സാധാരണ കണ്ടുവരുന്ന ഇല ചുരട്ടിപ്പുഴു, തണ്ടുതുരപ്പന്‍ എന്നിവ ബാധിക്കുന്നതിന് മുമ്പുതന്നെ ഈ രോഗം ചെടികളില്‍ കണ്ടതിനാൽ ആശങ്കയിലായിരിക്കുകയാണ് കര്‍ഷകര്‍. വിത്തിന്റെ അപാകതയാണെന്ന് സംശയിച്ച് കര്‍ഷകര്‍ ദൂരസ്ഥലങ്ങളിലെ പാടങ്ങളില്‍നിന്നും നടാന്‍ പാകമായ നെല്‍ച്ചെടികള്‍ വലിയ വിലയ്ക്ക് വാങ്ങി വാഹനങ്ങളിലെത്തിച്ച് വീണ്ടും കൃഷി ചെയ്‌തെങ്കിലും അവയും നശിച്ച് പോവുകയായിരുന്നു.
ഇതിന് പിന്നാലെ അയ്യന്തോള്‍, അരിമ്പൂര്‍ കൃഷിഭവന്റെ കീഴില്‍ വരുന്ന ഈ കര്‍ഷകര്‍ കൃഷി നിര്‍ത്തിവയ്ക്കാനുള്ള തയാറുടുപ്പിലാണ്. നിലവിൽ വലിയ സാമ്പത്തിക ബാധ്യതയിലാണ് കര്‍ഷകരുള്ളത്. നിലം ഉഴുത് വിത്ത് മുളപ്പിച്ച് വരമ്പുകള്‍ വച്ച് ഇത്തിള്‍ ഇട്ടു വന്നപ്പോള്‍തന്നെ പല കര്‍ഷകരുടെയും പോക്കറ്റ് കാലിയായി. കൂലി ഇനത്തില്‍ തന്നെ വലിയ തുക ചെലവാണ് കർഷകർക്ക് വന്നിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ കൂടുതല്‍ ദുരിതം വിതച്ചാണ് ബാക്ടീരിയ ബാധ കൃഷി നശിപ്പിച്ചത്. സര്‍ക്കാര്‍ ഇടപെട്ട് കീട ബാധയ്‌ക്കെതിരായ പ്രതിരോധം കണ്ടെത്തണമെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടിയുണ്ടാവണമെന്നും ചേറ്റുപുഴ കിഴക്കേ കോള്‍ പടവ് സമിതി ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.
