കോളിംഗ് ബെല്ലടിക്കുന്ന സമയത്താണ് സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. മോഷണമാണ് ലക്ഷ്യമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി വീടുകളുടെ മുറ്റത്ത് പൂർണനഗ്നനായി എത്തി അജ്ഞാതൻ. പുലർച്ചെ നാല് മണിയോടെയാണ് വെഴുപ്പൂർ, ഒതയോത്ത് ഭാഗത്തുള്ള വീടുകളിൽ ഒരാൾ എത്തിയത്. മുഖം മറച്ച അജ്ഞാതന്റെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. താമരശ്ശരി പൊലീസ് സ്റ്റേഷന്റെ മുൻവശത്തുള്ള പ്രദേശമാണ് ഒതയോത്ത്. വിവിധ വീടുകളിലെത്തിയ ഇയാൾ പൂർണനഗ്നനായിരുന്നു. വീടുകളുടെ പരിസരം നോക്കിയ ശേഷം കോളിംഗ് ബെല്ലടിക്കുന്നതാണ് ഇയാളുടെ രീതി.
അങ്ങനെ ഒരു വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കുന്ന സമയത്താണ് സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. മോഷണമാണ് ലക്ഷ്യമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സിസിടിവിയാണ് പ്രധാന തെളിവ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അജ്‍ഞാതർ എത്തി കോളിംഗ് ബെല്ലടിച്ചാൽ വാതിൽ തുറക്കരുതെന്ന കർശന നിർദേശവും പൊലീസ് പ്രദേശവാസികൾക്ക് നൽകിയിട്ടുണ്ട്. സംഭവം പ്രദേശവാസികൾക്ക് ആശങ്കയുളവാക്കിയിട്ടുണ്ട്.
