ചാവക്കാട് ദുരൂഹ സാഹചര്യത്തിൽ മരിച്ച നാല് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം 9 മാസങ്ങൾക്ക് ശേഷം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. കുഞ്ഞിന്റെ അമ്മ മുഹ്സിനയുടെ മരണത്തിന് പിന്നാലെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസിന്റെ നിർണായക നടപടി.
തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് നാല് ദിവസം പ്രായമായ കുഞ്ഞിന്റെ അസ്വാഭാവിക മരണത്തിൽ, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. എടക്കഴിയൂർ ജുമാ മസ്ജിദിൽ വെച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് സർജന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. കുഞ്ഞിന്റെ അമ്മയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിനിടെ, പൊലീസ് സമർപ്പിച്ച അപേക്ഷയിൽ പോസ്റ്റുമോർട്ടത്തിന് കോടതി അനുമതി നൽകിയതോടെയാണ് നടപടി.
മരണം നടന്ന് 9 മാസങ്ങൾക്കപ്പുറമാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ ഹി കേഷ് ശങ്കറിന്റെ നേതൃത്വത്തിൽ ആയിരുന്നു പോസ്റ്റ്മോർട്ടം. കോടതി നിർദ്ദേശപ്രകാരം സബ് കളക്ടർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം ആകെ വീഡിയോഗ്രാഫ് ചെയ്താണ് നടപടികൾ പൂർത്തിയാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ നിർണായകമാകും. അമ്മയുടെ കുടുംബം ആരോപിക്കുന്നത് പോലെ കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടോ എന്നതിൽ വ്യക്തത വരും എന്നാണ് പൊലീസ് കരുതുന്നത്.
വീട്ടുപ്രസവത്തിന് പിന്നാലെ 2021 ജനുവരി 10ന് മരണപ്പെട്ട കുഞ്ഞിന്റെ മൃതദേഹം അന്ന് പുറംലോകം അറിയാതെ കുടുംബം മറവ് ചെയ്യുകയായിരുന്നു. രണ്ട് മാസങ്ങൾക്ക് ശേഷം കുഞ്ഞിന്റെ അമ്മ മുഹ്സിനയുടെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. മുഹ്സിനയ്ക്ക് അക്യുപഞ്ചറിസ്റ്റായ ഭർത്താവ് ഇബാഹിം മതിയായ ചികിത്സ നൽകില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇവരുടെ രണ്ട് മക്കളുടെ മരണത്തിലും ഇതോടെയാണ് സംശയങ്ങൾ ഉയരുന്നത്. ചാവക്കാട് പൊലീസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ നാല് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കാൻ അനുമതി ലഭിച്ചതോടെയാണ് നടപടി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ വൈകാതെ പുറത്തുവരും.

