വികസിപ്പിക്കുന്ന കൊണ്ടോട്ടി എടവണ്ണപ്പാറ സംസ്ഥാന പാതയുടെ ഇരുവശവും ഉള്ളത് നാന്നൂറോളം മരങ്ങള്‍. ഇപ്പോഴുള്ള നിലയില്‍ പണി പൂര്‍ത്തിയായാല്‍ ഇതില്‍ പകുതിയെങ്കിലും റോഡിനകത്താകും
മലപ്പുറം: കൂറ്റൻ മരങ്ങൾ റോഡിനകത്താക്കി വീതികൂട്ടലും ടാറിങ്ങും.ഈ മരങ്ങളൊക്കെ ഇനി മുറിക്കണമെങ്കിൽ റോഡ് വീണ്ടും കുത്തിപ്പൊളിക്കണം.120 കോടി രൂപ വകയിരുത്തിയ മലപ്പുറം കൊണ്ടോട്ടി- എടവണ്ണപ്പാറ റോഡ് വികസനത്തിലാണ് തലതിരിഞ്ഞ പണി പുരോഗമിക്കുന്നത്. വികസിപ്പിക്കുന്ന കൊണ്ടോട്ടി എടവണ്ണപ്പാറ സംസ്ഥാന പാതയുടെ ഇരുവശവും ഉള്ളത് നാന്നൂറോളം മരങ്ങള്‍. ഇപ്പോഴുള്ള നിലയില്‍ പണി പൂര്‍ത്തിയായാല്‍ ഇതില്‍ പകുതിയെങ്കിലും റോഡിനകത്താകും.
ഇലക്ടിക് പോസ്റ്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.റോഡിനകത്തുള്ള പോസ്റ്റുകള്‍ മാറ്റണമെങ്കില്‍ ലൈനുകളൊക്കെ മാറ്റിവലിക്കണം. റോഡിലെ മരങ്ങള്‍ മുറിച്ചു മാറ്റാതെ അതും പറ്റില്ല.നൂറു കണക്കിന് പോസ്റ്റുകളാണ് വീതി കൂട്ടിയ റോഡിനകത്ത് ഉള്ളത്.
പല തവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും നിശ്ചയിച്ച തുകയ്ക്ക് മരങ്ങള്‍ മുറിച്ചു മാറ്റാന്‍ കരാറെടുക്കാന്‍ ആരും തയ്യാറായില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടി. ഈ മാസം തന്നെ കരാറില്‍ തീരുമാനമാക്കി മരങ്ങള്‍ മുറിക്കുമെന്നും റോഡ് വീണ്ടും പൊളിക്കുമ്പോള്‍ ചെലവ് കരാറുകാരന്‍ തന്നെ വഹിക്കണമെന്നുമാണ് പ്രതികരണം.
