പഴയ ടയറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ടൈലുകള്‍ പാകിയ നടപ്പാത, 70 കിലോ വീതം പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ച ഇരിപ്പിടങ്ങള്‍, പ്ലാസ്റ്റിക് കുപ്പികള്‍ നിറച്ച ആനയുടെ കൂറ്റന്‍ പ്രതിമ, ഇങ്ങനെ നീളുന്നു ഗാര്‍ഡൻ...

മൂന്നാര്‍ : മൂന്നാറിന് ഭംഗി കൂട്ടാൻ വരുന്നു വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അപ് സൈക്കിള്‍സ് ഗാര്‍ഡന്‍. പഴയ മൂന്നാറിലാണ് മാലിന്യങ്ങള്‍കൊണ്ട് വിസ്മയ കാഴ്ചകള്‍ സമ്മാനിക്കുന്ന പാര്‍ക്ക് ഒരുങ്ങുന്നത്. മാലിന്യങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ച ജില്ലയിലെ ആദ്യ അപ്‌സൈക്കിള്‍സ് ഉദ്യാനമാണ് മൂന്നാറില്‍ ഒരുങ്ങുന്നത്. പഴയ മൂന്നാര്‍ ബൈപ്പാസ് പാലത്തിനു സമീപമാണ് പഴയ പ്ലാസ്റ്റിക്, ടയറുകള്‍, സ്‌ക്രാപ്, ഓട്ടോമൊബൈല്‍ അവശിഷ്ടങ്ങള്‍, ഇലക്ട്രോണിക് വേസ്റ്റ് എന്നിവ ഉപയോഗിച്ചുള്ള ഉദ്യാനത്തിന്റെ നിര്‍മാണം നടന്നു വരുന്നത്. 

പഴയ ടയറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ടൈലുകള്‍ പാകിയ നടപ്പാത, 70 കിലോ വീതം പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ച ഇരിപ്പിടങ്ങള്‍, പ്ലാസ്റ്റിക് കുപ്പികള്‍ നിറച്ച ആനയുടെ കൂറ്റന്‍ പ്രതിമ, തവളകള്‍ക്കും മറ്റും വസിക്കുന്നതിനുള്ള കുളം, മൂന്നാറില്‍ മാത്രം കണ്ടു വരുന്ന അപൂര്‍വ്വ സസ്യങ്ങള്‍, ചെടികള്‍, പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ച വലിയ പൂക്കള്‍ എന്നിവയാണ് ഗാര്‍ഡനിലുള്ളത്. 

ജില്ലയുടെ 50-ാം പിറന്നാള്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയും വിനോദ സഞ്ചാരികളടക്കമുള്ളവര്‍ക്ക് മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും വിശ്രമിക്കുന്നതിനുമായാണ് ഉദ്യാനം നിര്‍മിക്കുന്നത്. യുഎന്‍ ഡി പി, ഹില്‍ ദാരി, മൂന്നാര്‍ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ മൂന്നാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോഡൈവേഴ്‌സിറ്റി റിസര്‍ച്ച് ആന്റ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഉദ്യാനം നിര്‍മിക്കുന്നത്.