നിലവിൽ നിയമനവുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ട്.

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി അര്‍ബൻ ബാങ്ക് നിയമനക്കോഴയിൽ വീണ്ടും പരാതി. നെൻമേനി താമരച്ചാലിൽ ഐസക്കാണ് പൊലീസിൽ പരാതി നൽകിയത്. യു.കെ പ്രേമൻ, എൻ.എം വിജയൻ എന്നിവർ നിയമനം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. ഐ.സി ബാലകൃഷ്ണന്‍റെയും പി.വി ബാലചന്ദ്രന്‍റെയും അറിവോടെയാണ് പണം വാങ്ങുന്നതെന്ന് എൻ.എം വിജയനും പ്രേമനും പറഞ്ഞതായും പരാതിയിൽ ഉണ്ട്. നിലവിൽ നിയമനവുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. ഇതിനിടയാണ് ഒരു പരാതി കൂടി എത്തുന്നത്. 

അതേസമയം, വയനാട് ഡിസിസി ട്രഷറര്‍ എൻ.എം വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണൻ എംഎല്‍എയെ ഇന്ന് ചോദ്യം ചെയ്തിരുന്നു. കൽപ്പറ്റ പുത്തൂർവയലിലെ ജില്ലാ ഹെഡ്ക്വാർട്ടർ ക്യാമ്പിൽ രാവിലെ 10.45ഓടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അവസാനിച്ചത്. എംഎൽഎയെ നാല് മണിക്കൂറോളമാണ് അന്വേഷണ സംഘൺ ചോദ്യം ചെയ്തത്. എൻ.എം വിജയൻ കെപിസിസി പ്രസിഡന്‍റിന് എഴുതിയ കത്തിലെ പരാമർശങ്ങളെ കുറിച്ചും അർബൻ ബാങ്കിലെ നിയമനത്തിനായുള്ള എംഎല്‍എയുടെ ശുപാര്‍ശ കത്തിനെ കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടായെന്നാണ് സൂചന. നാളെയും ഐ.സി ബാലകൃഷണനെ പൊലീസ് ചോദ്യം ചെയ്യും. കോടതി നിര്‍ദേശപ്രകാരം ശനിയാഴ്ച വരെ ഐ.സി ബാലകൃഷ്ണനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിനാകും. 

READ MORE: കള്ളപ്പണം വെളുപ്പിക്കൽ കേസ്; തമിഴ്നാട് മന്ത്രിയുടെ 1.26 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ച് ഇഡി