വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിൽ എംപി വികെ ശ്രീകണ്ഠന്റെ പോസ്റ്റര്‍ ഒട്ടിച്ചതിൽ പ്രതിഷേധവുമായി ബിജെപി.
പാലക്കാട്: വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിൽ എംപി വികെ ശ്രീകണ്ഠന്റെ പോസ്റ്റര്‍ ഒട്ടിച്ചതിൽ പ്രതിഷേധവുമായി ബിജെപി. കേന്ദ്ര സർക്കാർ കേരളത്തിന് സമ്മാനിച്ച ലോകോത്തര നിലവാരത്തിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിൽ സ്വന്തം പോസ്റ്റർ ഒട്ടിച്ച് അശ്ലീലമാക്കിയെന്നും, പാലക്കാടിന്റെ എംപി ശ്രീകണ്ഠന്റെ അല്പത്തരത്തിൽ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും വാര്‍ത്താ കുറിപ്പിൽ ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റി അറിയിച്ചു.
അതേസമയം, വന്ദേഭാരത് എക്സ്പ്രസിൽ തന്റെ പോസ്റ്റര്‍ പതിച്ച സംഭവത്തെ കുറിച്ച് അറിയില്ലെന്ന് വി കെ ശ്രീകണ്ഠൻ എംപി പ്രതികരിച്ചു. എന്റെ അറിവോടെയോ സമ്മതത്തോടെയോ ആരും പോസ്റ്റർ ഒട്ടിച്ചിട്ടില്ലെന്നും ബിജെപി സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ശ്രീകണ്ഠൻ എംപി പറഞ്ഞു.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ വേളയിലാണ് വി.കെ.ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്ററുകൾ വന്ദേ ഭാരത് ട്രയിനിൽ കോൺഗ്രസ് പ്രവർത്തകർ ഒട്ടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം.
അതിനിടെ പോസ്റ്റർ പതിപ്പിച്ച ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അട്ടപ്പാടി പുതൂർ പഞ്ചായത്തംഗം സെന്തിൽ കുമാർ ഉൾപ്പെടെ ആറുപേരും കോൺഗ്രസ് പ്രവർത്തകരാണ്. റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മുഴുവൻ ആളുകളെയും തിരിച്ചറിയാൻ ശ്രമം തുടരുന്നതായി ആർപിഎഫ് അറിയിച്ചു.
വികെ ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്റർ പതിപ്പിച്ചത് മനപൂർവമല്ലെന്ന് കോൺഗ്രസ് പുതൂർ പഞ്ചായത്തംഗം സെന്തിൽ. ആവേശത്തിന്റെ പുറത്ത് കൈയിലുണ്ടായ പോസ്റ്റർ ഗ്ലാസിൽ ചേർത്ത് പിടിക്കുകയായിരുന്നു. പോസ്റ്റർ ഗ്ലാസിൽ വെച്ച സമയം തന്നെ പൊലീസുകാർ കീറിക്കളഞ്ഞതാണ് ബോധപൂർവമല്ലെന്നും അബദ്ധം സംഭവിച്ചതാണെന്നും സെന്തിൽ കുമാർ പറഞ്ഞു.
