ചേർത്തല:  ഇരയിമ്മൻ തമ്പി ജനിച്ച വാരനാട് നടുവിലേൽ കോവിലകം ഇപ്പോഴുംജീർണ്ണാവസ്ഥയിൽ. ചേർത്തല വാരനാട് നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാന്റെയും തിരുവനന്തപുരത്ത് പുതുമന രാജകുടുoബത്തിലെ പാർവതി പിള്ള തങ്കച്ചിയുടെയും മകനായി 1782 ഒക്ടോബർ 12 നാണ് ജനിച്ചത്.

റാണി ഗൗരി ലക്ഷ്മി ഭായിയുടെ ആവശ്യപ്രകാരം. കുട്ടിയായിരുന്ന സ്വാതിതിരുനാളിന് ഉറക്കാനായി 'ഓമന തിങ്കൾ കിടാവോ നല്ല' എന്നു തുടങ്ങുന്ന താരാട്ടുപാട്ട് ഇരയിമ്മൻ തമ്പി എഴുതി ഈണം നൽകിയത്. 14 വയസുവരെ ചേർത്തല വാരനാട് കോവിലകത്തായിരുന്നു കഴിഞ്ഞത്. പിന്നീട് അനന്തപുരിയിലേയ്ക്ക് പോകുകയും 1856 ജൂലൈ 29 ന് 74ാം വയസിൽ നാടു നീങ്ങിയെന്നുമാണ് ചരിത്രം.

പിന്നീട് അനാഥമായ എട്ട് കെട്ടായ വാരാട് കോവിലകം പിൻമ്മുറക്കാരുടെ അവകാശതർക്കങ്ങളിൽ 1996 ജൂലൈ 16 ന് കുറച്ച് ഭാഗം പൊളിച്ചു. ഇതിന്റെ ഭാഗമായി അവകാശികളിൽ ഒരാളായ രുഗ്മിണി ഭായി തമ്പുരാട്ടി വാരനാട്കോവിലകത്ത് എത്തുകയും 12 വർഷത്തോളം നീണ്ടുനിന്ന നിയമ യുദ്ധത്തിൽ കോവിലകം സംരക്ഷിക്കുകയും ചെയ്തു.

2006 ൽ കോവിലകവും 40 സെന്റ് സ്ഥലവും പുരാവസ്തു വകുപ്പിന്റെ സംരക്ഷണ സ്മാരകമാക്കി മാറ്റി. 2011 ൽ കേരള സർക്കാർ 15 ലക്ഷം രൂപ അനുവദിച്ചു കോവിലകത്തിന്റെ ചുറ്റുമതിൽ മാത്രം നിർമ്മിച്ചു. 2014 ൽ രുഗ്മിണി ഭായി തമ്പുരാട്ടിയും മരിച്ചു. തുടർന്ന് സഹോദരൻ എം കൃഷ്ണ വർമ്മയായിരുന്നു കേസ് നടത്തിയത്. പിന്നീട് അദ്ദേഹവും മരിച്ചു. 

മന്ത്രി പി. തിലോത്തമന്റെ ഇടപെടൽ മൂലം 2017 ൽ പുരാവസ്തു വകുപ്പിൽ നിന്നും തുക അനുവദിച്ചു നാലുകെട്ട് പുതിക്കിപ്പണിതു. വടക്കേ നാലുകെട്ട് ഇപ്പോഴും ജീർണ്ണിച്ച് വീഴാറായ അവസ്ഥയിലാണ്. മരപ്പട്ടികളുടെയും വവ്വാലു കളുടെയും വിഹാര കേന്ദ്രമാണ് ഇന്ന് കോവിലകം.  വർഷങ്ങൾക്ക് മുമ്പ് ഓസ്കാർ വിവാദത്തിലും താരാട്ട് പാട്ട് നിറഞ്ഞ് നിന്നിരുന്നു. 

ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിനായി ബോംബെ ജയശ്രീ താരാട്ട് പാട്ടിന് ഈണം നൽകിയതോടെയാണ് ഓസ്കാർ പട്ടികയിൽ ഇടം നേടിയത്. 40 വർഷത്തോളം രുഗ്മിണി ഭായിയുടെ ആശ്രിതയായിരുന്ന അംബിക എന്ന സ്ത്രീയാണ് ഇപ്പോൾ കോവിലകം സൂക്ഷിക്കുന്നത്. ഇവർക്ക് പുരാവസ്തു വകുപ്പിൽ നിന്നും തുച്ചമായ തുക മാത്രമാണ് മാസം തോറും നൽകുന്നത്. ഇതിൽ നിന്നു വേണം വൈദ്യുതി ചാർജും മറ്റ് ചെലവുകളും കണ്ടെത്താൻ.

നാല് പതിറ്റാണ്ട് മുമ്പ് രൂപീകരിച്ച ഇരയിമ്മൻ തമ്പി സ്മാരക സമിതിയിലെ ഇപ്പോഴത്തെ പ്രസിഡന്റൊയ കെ. സദാനന്ദൻ , സെക്രട്ടറി പ്രൊഫ. തോമസ് വി. പുളിക്കൻ, ട്രഷറർ പ്രവീൺ എസ്. പണിക്കർ എന്നിവരാണ് കോവിലകത്തിന് വേണ്ട മാർഗ്ഗ നിർദേശങ്ങൾ നൽകുന്നത്.