വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി

തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ കല്ലമ്പലം സ്വദേശിയും ആംബുലൻസ് നഴ്സുമായ ഷാനവാസിന്‍റെ പരാതിയിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം വർക്കലയിലേക്ക് മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെയാണ് ചെറുന്നിയൂരിൽ വച്ച് അക്രമം നടന്നത്. വാഹനം തടഞ്ഞുനിർത്തിയ യുവാവ് ഷാനവാസിനോട് അകാരണമായി കയർക്കുകയും അസഭ്യം പറയുകയുമായിരുന്നെന്നാണ് പരാതി.

ആംബുലൻസിന്‍റെ മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ഷാനവാസിന്‍റെ കയ്യിൽ പിടിച്ചു വലിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. 'താൻ ഓൺ ഡ്യൂട്ടിയിലാണ്' എന്ന് വ്യക്തമാക്കിയിട്ടും യുവാവ് ആക്രമണ സ്വഭാവത്തോടെ പെരുമാറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഡ്യൂട്ടിയിലാണെങ്കിൽ ആംബുലൻസിനുള്ളിലെ ആളെ കാണിക്കെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് ഷാനവാസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.