പിതാവിന്റെ സംരക്ഷണയില്‍ നിന്നും ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കാനാണ് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്.

തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസ അവകാശം നിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ പിതാവിന്റെ സംരക്ഷണയില്‍ നിന്നും ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. വര്‍ക്കല ചെറുന്നിയൂര്‍ നിവാസിയായ കുട്ടിയെ അച്ഛന്‍ സ്‌കൂളില്‍ വിടുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍, അംഗം എന്‍. സുനന്ദ എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

വിഷയം സമഗ്രമായി പരിശോധിച്ച കമ്മീഷന്‍, കുട്ടി 41 ദിവസം മാത്രം സ്‌കൂളില്‍ എത്തിയതായും പരീക്ഷ എഴുതിയിട്ടില്ലെന്നും കുട്ടിയുടെ വിദ്യാഭ്യാസത്തെയും ഭാവി പഠനത്തെയും ബാധിക്കുന്ന സാഹചര്യമാണെന്നും വിലയിരുത്തി. കുട്ടിയെ സി.ഡബ്ല്യു.സിയില്‍ ഹാജരാക്കുന്നതിനു വേണ്ട സുരക്ഷയും സംരക്ഷണവും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് നല്‍കാന്‍ വര്‍ക്കല പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കമ്മിഷന്‍ അറിയിച്ചു.

കുട്ടിയുടെ ഉത്തമ താത്പര്യം സംരക്ഷിക്കുന്നതിന് സി.ഡബ്ല്യു.സി ഉത്തരവ് പുറപ്പെടുവിക്കുകയും മാതാപിതാക്കള്‍ തമ്മില്‍ കേസ് നടക്കുന്നതിനാല്‍, പരാതിക്കാരി കമ്മീഷന്‍ ഉത്തരവിന്റെയും സി.ഡബ്ല്യു.സി പുറപ്പെടുവിച്ച ഉത്തരവിന്റെയും പകര്‍പ്പുകള്‍ കുടുംബ കോടതിക്ക് കൈമാറണം. കമ്മീഷന്റെ ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 30 ദിവസത്തിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അറിയിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

അധ്യാപികയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോയി; ഉടനടി അന്വേഷണം, മണിക്കൂറുകള്‍ക്കുള്ളില്‍ ബന്ധുവിനെ പിടികൂടി

YouTube video player