ഇടുക്കി: ഏതാണ്ട് ഒരു മാസം മുമ്പാണ് വട്ടവടയില്‍ ഒരു വിഭാഗം ആളുകളുടെ മുടി മുറിക്കുന്നതുമായി ബന്ധപ്പെട്ട് അയിത്താചരണം നിലനില്‍ക്കുന്നതായുള്ള ആരോപണം ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് മുടി മുറിക്കാന്‍ വിസമ്മതിച്ച വട്ടവടയിലെ രണ്ട് ബാര്‍ബര്‍ ഷാപ്പുകള്‍ പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചിരുന്നു. എന്നാല്‍ വട്ടവടയിലെ അയിത്താചാരണം അവിടം കൊണ്ട് അവസാനിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. 

ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുടെ വീടുകളില്‍ ഇപ്പോഴും താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് കയറുന്നതിന് അനുമതിയില്ല. ആഹാരത്തിനും വെള്ളത്തിനുമായി പ്രത്യേക ഗ്ലാസുകളും പാത്രങ്ങളും കരുതിവെച്ചിരിക്കുന്ന നിരവധി വീടുകള്‍ ഇപ്പോഴും വട്ടവടയിലുണ്ട്. 

പലകാലങ്ങളിലായി തമിഴ്നാട്ടില്‍ നിന്നും കുടിയേറിയവരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിരുന്നു. മന്നാടിയാര്‍, മന്ത്രിമാര്‍, പെരിയധനം, മണിയക്കാരന്‍, തണ്ടക്കാരന്‍ എന്നിങ്ങളെയാണ് ആ തരംതിരിവ്. ഇതില്‍ തണ്ടല്‍ക്കാല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ കഴുത്തില്‍ ചെണ്ടതൂക്കിയിട്ട് നാടുമുഴുവനും അറിയിപ്പുകള്‍ വിളിച്ചറിയിക്കണം. പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും സ്വാമി, യജമാനനെ, രാജാവെ, മുതലാളി എന്നിങ്ങളെ അഭിസംബോധന ചെയ്തുവേണം അറിയിപ്പുകള്‍ കൈമാറാന്‍. രാവിലെ ഒമ്പത് മണിവരെ ഇത്തരം ആചാരങ്ങള്‍ തുടരാന്‍ നിര്‍ബന്ധിതരാണ്.  

നാല് തലമുറയുടെ കുടിയേറ്റ ചരിത്രമുണ്ട് വട്ടവടയ്ക്ക്. ഇതില്‍ ഏറ്റവും     ഒടുവിലായെത്തിയ തൊഴിലാളികള്‍ വട്ടവട, കൊട്ടാക്കമ്പൂര്‍, കോവിലൂര്‍ മേഖലകളില്‍ കുടില്‍കെട്ടി താമസം ആരംഭിച്ചു. നിരവധി പേര്‍ വട്ടവടയില്‍ താമസം ആരംഭിച്ചെങ്കിലും രാജഭരണക്കാലത്ത് ആരംഭിച്ച ആചാരങ്ങള്‍ മാറ്റാന്‍ പലരും തയ്യറായില്ല. മുടിവെട്ടല്‍ ആചാരം മാറ്റാന്‍ ഇതിന് മുമ്പും ശ്രമങ്ങളുണ്ടായിരന്നെങ്കിലും അത് പ്രദേശികമായ സമ്മര്‍ദ്ദങ്ങളാല്‍ മാറിപ്പോവുകയായിരുന്നു. എന്നാല്‍, ഇത്തവണ മുടിവെട്ടല്‍ പ്രശ്നം ഒരു രാഷ്ട്രീയ പ്രശ്നമായി ഉയര്‍ന്നുവന്നതിനാല്‍ പ്രശ്നപരിഹാരം കാണാനായെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്‍റ് രാമരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. വട്ടവടയിലെ അയിത്താചാരണങ്ങളില്‍ മാറ്റം വേണമെങ്കില്‍ നിമയവ്യവസ്ഥയോടൊപ്പം ശക്തമായ ബോധവത്ക്കരണ പദ്ധതികളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.