തൃശ്ശൂർ: നീരൊഴുക്ക് കൂടി ജലവിതാനം ഉയരുന്ന സാഹചര്യത്തിൽ വാഴാനി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി. ജില്ലയിൽ താരതമ്യേന നല്ല മഴ പെയ്യുന്ന സാഹചര്യത്തിൽ പകൽ സമയത്ത് മാത്രം അധിക ജലം തുറന്നുവിട്ട് ജലനിരപ്പ് 61.88 മീറ്ററായി നിലനിർത്താനാണ് ഉത്തരവ്. ഇതുമൂലം വടക്കാഞ്ചേരി പുഴയിൽ ജലനിരപ്പ് ഉയരാനിടയുണ്ട്. പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് ഡാമിലെ ജലനിരപ്പ് 61.87 മീറ്ററാണ്. 62.48 മീറ്ററാണ് ഡാമിന്റെ പൂർണസംഭരണ ശേഷി. ഡാമിൽ നിലവിൽ സംഭരണ ശേഷിയുടെ 98.28 ശതമാനം വെള്ളമുണ്ട്.