ചേർത്തല തെക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് തേങ്ങ, വാഴയില, കുമ്പളങ്ങ എന്നിവയും നൽകി. ഇനിയും പാടത്ത് വിളഞ്ഞു കിടക്കുന്ന വിളവുകൾ നൽകാൻ ഓമനക്കുട്ടൻ തയ്യാറാണ്. 

ചേർത്തല: അരയേക്കർ പാടത്ത് വിളഞ്ഞ പച്ചക്കറികൾ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് സംഭാവന ചെയ്ത് വേറിട്ടൊരു മാതൃകയായി ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡ് ഭാവനാലയത്തിൽ ഓമനക്കുട്ടൻ (48). പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ പച്ചക്കറികള്‍ എത്തിച്ചതിനു അംഗങ്ങളോട് 70 രൂപ ഓട്ടോക്കൂലി പിരിച്ചെന്ന ആരോപണം നേരിടേണ്ടി വന്ന നിരപരാധിയായ ഓമനക്കുട്ടനാണ് പാർട്ടിയുടെ പിന്തുണയോടെ പച്ചക്കറികൾ നൽകി മാതൃകയായത്.

സിപിഎമ്മിന്റെ കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗമാണ് ഓമനക്കുട്ടൻ. കുറുപ്പൻ കുങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.എം. മഹാദേവന്റെ നേതൃത്വത്തിൽ ചീര, പടവലം, പയർ, വെണ്ട, വെള്ളരി, കുമ്പളങ്ങ, മത്തൻ എന്നിവ അളവുകൾ പോലും നോക്കാതെ കെ.കെ. കുമാരൻ പാലിയേറ്റീവ് ട്രസ്റ്റിന്റെ സാന്ത്വനം കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് നൽകി. കൂടാതെ ചേർത്തല തെക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് തേങ്ങ, വാഴയില, കുമ്പളങ്ങ എന്നിവയും നൽകി. ഇനിയും പാടത്ത് വിളഞ്ഞു കിടക്കുന്ന വിളവുകൾ നൽകാൻ ഓമനക്കുട്ടൻ തയ്യാറാണ്. 

ആവശ്യമുള്ളവർ വണ്ടി വിളിച്ചു വേണം വരുവാൻ. എത്തിച്ച് കൊടുക്കുവാൻ കൂലിപ്പണിക്കാരനായ ഓമനക്കുട്ടന് നിവർത്തിയില്ല. പ്രളയകാലത്തുണ്ടായ അനുഭവം രാഷ്ട്രീയ പ്രേരിതമാണെന്നും അത് ചെയ്തവർക്ക് ഇപ്പോൾ കുറ്റബോധവും ഉണ്ടെന്നും ഓമനക്കുട്ടൻ പറയുന്നു. ഭാര്യ രാജേശ്വരിയും , രണ്ട് പെൺമക്കളും ഓമനക്കുട്ടന് പിന്തുണയുമായി ഒപ്പമുണ്ട്.