Vegetable Price : പച്ചക്കറി വില കുതിച്ചുയരുമ്പോഴും ഹോര്‍ട്ടി കോര്‍പ്പിന്റെ മൂന്നാറിലെ വിപണന കേന്ദ്രം ആശ്വാസം
സാധാരണകാര്‍ക്കാശ്വാസകരമാകുന്ന രീതിയിലാണ് പച്ചക്കറി വില്‍പ്പന നടക്കുന്നതെന്ന് ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ പറഞ്ഞു.

മൂന്നാര്‍: വിപണിയില്‍ പച്ചക്കറി വില സാധാരണക്കാരുടെ കൈപൊള്ളിക്കുമ്പോള്‍ മൂന്നാറിലെ ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി വിപണന കേന്ദ്രം സാധാരണക്കാര്‍ക്ക് ആശ്വാസമാകുകയാണ്. വിപണി വിലയേക്കാള്‍ പച്ചക്കറികള്‍ക്കുള്ള വലിയ വിലക്കുറവാണ് കേന്ദ്രത്തെ ശ്രദ്ധേയമാക്കുന്നത്.പലയിടത്തും നൂറിന് മുകളില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന തക്കാളിക്കിവിടെ 65 രൂപമാത്രമാണ് വില.
സാധാരണകാര്‍ക്കാശ്വാസകരമാകുന്ന രീതിയിലാണ് പച്ചക്കറി വില്‍പ്പന നടക്കുന്നതെന്ന് ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ പറഞ്ഞു. ക്യാരറ്റ് 35, പച്ചമുളക് 45, ക്യാബേജ് 20, വഴുതന 60, പയര്‍ 60 എന്നിങ്ങനെയാണ് വിവിധ തരം പച്ചക്കറികളുടെ വില്‍പ്പന. മൂന്നാര്‍ ടൗണില്‍ ആര്‍ ഒ ജംഗ്ഷന്‍ ഭാഗത്ത് ദേശിയപാതയോരത്താണ് ഹോര്‍ട്ടികോര്‍പ്പിന്റെ വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
വിലക്കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെ പച്ചക്കറികള്‍ വാങ്ങുന്നതിനും കേന്ദ്രത്തില്‍ ആളുകളുടെ തിരക്കനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മൂന്നാര്‍ പച്ചക്കറി ചന്തയിലാകട്ടെ പല പച്ചക്കറികളുടെയും വില പതിൻ മടങ്ങാണ്. തക്കാളിക്ക് 100 മുതല്‍ 120 വരെയും പച്ചമുളകിന് 60 മുതല്‍ 70 വരെയുമാണ് കിലോയുടെ വില.