തേനിയിലെ തേവാരത്തുള്ള പച്ചക്കറി മൊത്ത വിതരണ ചന്തയിലെ തക്കാളി ലേലം. 15 കിലോയുള്ള ഒരു പെട്ടി തക്കാളി വിറ്റത് 1000 രൂപക്ക്. അതായത് ഒരു കിലോയ്ക്ക് 66 രൂപ. ഇത് കേരളത്തിലെത്തുമ്പോൾ വില നൂറു കടക്കും.

തേനി: കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിൽ ഉൽപ്പാദനം കുത്തനെ ഇടിഞ്ഞതും സംസ്ഥാനത്ത് പച്ചക്കറി വില ഉയരാൻ കാരണമായിട്ടുണ്ട്. മിക്ക പച്ചക്കറികൾക്കും 20 ദിവസം കൊണ്ട് വില ഇരട്ടിയിലധികമായി. ശബരിമല സീസണെ തുടർന്ന് തമിഴ്നാട്ടിൽ പച്ചക്കറി ഉപഭോഗം കൂടിയതും വില വർദ്ധനവിന് കാരണമായിട്ടുണ്ട്.

തേനിയിലെ തേവാരത്തുള്ള പച്ചക്കറി മൊത്ത വിതരണ ചന്തയിലെ തക്കാളി ലേലം. 15 കിലോയുള്ള ഒരു പെട്ടി തക്കാളി വിറ്റത് 1000 രൂപക്ക്. അതായത് ഒരു കിലോയ്ക്ക് 66 രൂപ. ഇത് കേരളത്തിലെത്തുമ്പോൾ വില നൂറു കടക്കും. ഒക്ടോബർ ആദ്യവാരം വരെ ഇവിടുത്തെ ഒരു കടയിലേക്ക് ദിവസേന ആയിരം പെട്ടി തക്കാളി എത്തുമായിരുന്നു. എന്നാലിപ്പോൾ ചന്തയിലാകെ എത്തുന്നത് 200 പെട്ടി മാത്രം. മറ്റു പച്ചക്കറികളുടെ സ്ഥിതിയും ഇതു തന്നെ.

ഇനി തമിഴ്നാട്ടിലെ ചില്ലറ വിൽപ്പന മാർക്കറ്റുകളിലെ സ്ഥിതി നോക്കിയാലും കേരളത്തില്‍ വില കൂടാനുള്ള സാധ്യതകളാണ് ഉള്ളത്. ശബരിമല സീസൺ ആരംഭിച്ചതോടെ തമിഴരിൽ ഭൂരിഭാഗവും വെജിറ്റേറിയനായി മാറി. ഇത് തമിഴ്നാട്ടിലും പച്ചക്കറിയുടെ ആവശ്യകത വർധിപ്പിച്ചു. മഴയിൽ പൂവെല്ലാം കൊഴിഞ്ഞു പോയതാണ് ഉൽപാദനം കുറയാൻ കാരണമായത്. ജനുവരി വരെയെങ്കിലും ഇതുപോല കൂടിയ വിലക്ക് മലയാളി പച്ചക്കറി വാങ്ങേണ്ടി വരുമെന്നാണ് തമിഴ്നാട്ടിലെ കർഷകരും വ്യാപാരികളും പറയുന്നത്.

Read More വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; ഇന്ന് മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയെത്തും

അതേ സമയം സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള സർക്കാർ നടപടികൾ ആരംഭിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി, കർണാടക, തമിഴ്നാട് എന്നി അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ വാങ്ങി വിപണിയിലെത്തിക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായുള്ള ആദ്യ ലോഡ് പച്ചക്കറി കേരളത്തിൽ എത്തി. ഹോർട്ടികോർപ്പ്, വിഎഫ് പിസി എന്നിവ വഴി അയൽ സംസ്ഥാനങ്ങളിലെ കർഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്. 

ഒരാഴ്ചക്കുള്ളിൽ വില നിയന്ത്രണവിധേയമാക്കാനാണ് ശ്രമിക്കുന്നതെന്നും കൂടുതൽ ലോഡ് പച്ചക്കറിയെത്തുമ്പോൾ വില കുറയുമെന്നാണ് കരുതുന്നതെന്നും കൃഷി മന്ത്രി പി പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ''ഗുണമേന്മ ഉറപ്പ് വരുത്തിയാണ് പച്ചക്കറികൾ സമാഹരിക്കുന്നത്. ഹോർട്ടി കോർപ്പ്, വിഎഫ് പിസി എന്നിവ വഴി കർഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്. ഹോർട്ടി കോർപ്പ്, വിഎഫ് പിസിയും പച്ചക്കറി സംഭരിച്ച് വിപണിയിലിറക്കും. ഉദ്യോഗസ്ഥർ നേരിട്ട് ഇടപെട്ടാണ് ഇതിന് വേണ്ടിയുള്ള നടപടികളെടുക്കുന്നത്".

"പച്ചക്കറി മൊത്തക്കച്ചവടക്കാർ ബോധപൂർവ്വം വിലകൂട്ടാൻ ശ്രമിക്കരുത്. അങ്ങനെയുണ്ടായാൽ നടപടിയുണ്ടാകും. പച്ചക്കറി വിലക്കയറ്റം പ്രതിസന്ധി ദീർഖകാലാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിന് വേണ്ടി പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്". രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. 

YouTube video player