ആലപ്പുഴ: ഉദ്ഘാടനത്തിന് ശേഷം വാഹനങ്ങള്‍ കൂട്ടമായെത്തിയതോടെ ബൈപാസില്‍ പലയിടത്തും വാഹനങ്ങള്‍ തമ്മില്‍ കൂട്ടയിടിയും ഉരസലും. ബൈപാസ് ഉദ്ഘാടന ചിത്രങ്ങള്‍ക്കൊപ്പം അപകട ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ബൈപാസിലെ ആദ്യപഞ്ചര്‍, അപകടം എന്നൊക്കെ തലക്കെട്ട് നല്‍കിയാണ് പലരും പ്രചരിപ്പിക്കുന്നത്.

ഉദ്ഘാടനത്തിന് മുന്‍പ് തന്നെ ബൈപാസിലേക്ക് പ്രവേശിക്കാന്‍ കളര്‍കോടും കൊമ്മാടിയിലും നിരവധി വാഹനങ്ങളാണ് കാത്തു കിടന്നത്. മണിക്കൂറുകളോളം കാത്തു കിടന്ന വാഹനങ്ങള്‍ ബൈപാസിലേക്ക് പ്രവേശിച്ചതോടെ ഗതാഗതകുരുക്കും രൂക്ഷമായി. തുടര്‍ന്ന് പലയിടത്തും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ബൈപാസിലേക്ക് പ്രവേശിച്ച ഒരു ബൈക്ക് പഞ്ചറാവുകയും ചെയ്തു.