കോഴിക്കോട്: കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിലെ താമരശേരിക്കടുത്ത് വെഴുപ്പൂരിൽ അപകടം പതിവാകുന്നു. വെഴുപ്പൂർ വേലായുധൻ പാറയ്ക്ക് സമീപത്തായാണ് വാഹനാപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞത്. കഴിഞ്ഞ ദിവസം ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും മൂന്നു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

കൂടത്തായി മുല്ല സോപ്പ് കമ്പനി പാർട്ണർ കൊടുവള്ളി കരീറ്റിപ്പറമ്പ് തുടിയേരിക്കണ്ടി ബഷീർ ആണ് കഴിഞ്ഞ ദിവസം ഇവിടെ മരിച്ചത്. ജീപ്പ് യാത്രക്കാരായ ഏകരൂൽ സ്വദേശികളും ബന്ധുക്കളുമായ അബു, ഹാരിസ്, റിൻഷാ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വരികയായിരുന്ന ജീപ്പും ചുങ്കത്തു നിന്ന് കൂടത്തായിയിലേക്ക് വരികയായിരുന്ന മുല്ല ബാർ സോപ്പ് കമ്പനിയുടെ പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ലോക്ക്ഡൗൺ കാലത്ത് വാഹനങ്ങൾ കുറച്ച് മാത്രം റോഡിലിറങ്ങുന്ന കാലത്തായിരുന്നു ഈ അപകടം.

അഞ്ച് വർഷത്തിനിടെ ആറിലധികം പേർക്ക് ഇവിടെയുണ്ടായ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായതായാണ് പ്രദേശവാസികൾ പറയുന്നത്. താമരശേരി ചുങ്കം കഴിഞ്ഞ് കൂടത്തായി റോഡിൽ 250 മീറ്റർ പിന്നിട്ടാലാണ് ഈ അപകടമേഖല. പഴശിരാജ സ്കൂളിന് സമീപത്തെ ഇറക്കം മുതൽ വെഴുപ്പൂർ എഎൽപി സ്കൂളിന് സമീപത്തെ വളവ് വരെയുള്ള നൂറു മീറ്ററിനിടയിലാണ് പതിവായി അപകടമുണ്ടാകുന്നത്. പഴശിരാജ സ്കൂളിന് സമീപത്തെ ഇറക്കമിറങ്ങി അമിത വേഗത്തിലെത്തുന്ന വാഹനങ്ങളും വെഴുപ്പൂർ എഎൽപിസ്കൂളിന് സമീപത്തെ വളവ് തിരിഞ്ഞു അമിത വേഗതയിൽ വരുന്ന വാഹനങ്ങളുമാണ് അപകടത്തിൽ പെടുന്നത്. 

നിയന്ത്രണാതീത വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും പലപ്പോഴും ഇവിടെ അപകടത്തിന് കാരണമാകുന്നുണ്ട്. പല തവണ അമിത വേഗതയിൽ വന്ന വാഹനങ്ങൾ റോഡരുകിലെ ഇലക്ട്രിക് പോസ്റ്റുകളും കലുങ്കും ട്രാൻസ്ഫോർമറും ഇടിച്ച് തകർത്തിട്ടുണ്ട്. ടിപ്പർ ലോറികളുടെ മരണപാച്ചിലും കാൽനട യാത്രക്കാർക്ക് ഈ റോഡിൽ  ദുരിതമാണുണ്ടാക്കുന്നത്. റോഡരികിലൂടെ ജീവൻ പണയം വച്ചാണ് കാൽനടയാത്രക്കാർ നീങ്ങുന്നത്.

അടുത്തടുത്തായി രണ്ട് സ്കൂളുകൾ ഉണ്ടായിട്ടും വാഹനങ്ങളുടെ അമിത വേഗത തടയാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് പരാതി. ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും സ്ഥലത്തെത്തുന്ന അധികൃതർ നടപടിയെടുക്കുമെന്ന് പറയുകയല്ലാതെ നടപടിയുണ്ടാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു. വാഹനങ്ങളുടെ അമിതവേഗത തടയാൻ പ്രദേശത്ത് സ്പീഡ് ബ്രേയ്ക്കർ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ മേഖലയിലെ സ്ഥിരം അപകടങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ വെഴുപ്പൂർ, ആലപ്പടി യൂണിറ്റുകൾ പിഡബ്ള്യൂഡി അസി. എൻജിനയർക്ക് നിവേദനം നൽകിയിരിക്കുകയാണ്.