തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിർത്തി ജില്ലയായ വയനാട്ടിൽ കനത്ത പരിശോധനയാണ് നടക്കുന്നത്.

മാനന്തവാടി: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിർത്തി ജില്ലയായ വയനാട്ടിൽ കനത്ത പരിശോധനയാണ് നടക്കുന്നത്. ഇതിനിടെയാണ് മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുപോവുകയായിരുന്ന പണം പിടിച്ചെടുത്തത്. ഇലക്ഷൻ കമ്മീഷന്റെ മാനന്തവാടി ഫ്ലയിങ് സ്ക്വാഡ് വെള്ളമുണ്ട ഒമ്പതാം മൈലിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നാല് ലക്ഷം രൂപ പിടികൂടിയത്. 

കോഴിക്കോട് നാദാപുരം എടച്ചേരി സ്വദേശി കുനിയിൽ അയൂബ് (43) എന്ന ആളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് അധികൃതരുടെ തീരുമാനം. ഇതിനായി പിടിച്ചെടുത്ത പണം ജില്ല ഫിനാൻസ് ഓഫീസർക്ക് മാറിയിട്ടുണ്ട്. പരിശോധന സംഘത്തിൽ ചാർജ് ഓഫീസർ ആയ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ പി.പി. ഷിജി, എസ്.ഐ. എൻ.കെ. ദാമോദരൻ, സിവിൽ പോലീസ് ഓഫീസർ നിഷാദ്, അരുൺകുമാർ, അഷ്‌മീർ, മുഹമ്മദ്‌ റിസ്വാൻ, പി. സുരേന്ദ്രൻ എന്നിവരാണ് ഉണ്ടായിരുന്നത്.

അതേസമയം, നേരത്തെ രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടിയിരുന്നു. വയനാട് തലപ്പുഴ 43ആം മൈലിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 10,53000 രൂപ പിടിച്ചെടുത്തത്. കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറാണ് പൊലീസ് പിടിച്ചെടുത്തത്. 

കാര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്. 500 രൂപയുടെ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. വരും ദിവസങ്ങളിലും അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് അറിയിച്ചു. 

'കുരുങ്ങിയത് കെ ഫോൺ കേബിൾ'; ഹോണടിച്ച് ലോറി നിർത്താൻ പറഞ്ഞിട്ടും നിർത്തിയില്ലെന്ന് ദൃക്സാക്ഷി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം