മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന റോഡിന്‍റെ വശങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് നിരോധനം.

കല്‍പ്പറ്റ: മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന റോഡിന്റെ വശങ്ങളിലും മറ്റു വനപ്രദേശങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. യാത്രക്കാര്‍ വന്യമൃഗങ്ങള്‍ക്ക് തീറ്റകൊടുക്കുന്നതും വനംവകുപ്പ് കര്‍ശനമായി വിലക്കിയിട്ടുണ്ട്. വനപ്രദേശത്ത് ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ തള്ളുന്നവര്‍ക്കെതിരെയും നടപടിയെടുക്കും.

നിയമം ലംഘിക്കുന്നവരില്‍നിന്ന് 2000 രൂപ പിഴയീടാക്കും. പിഴയൊടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും. നിര്‍ദ്ദേശങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനായി പാതയോരത്തും മറ്റും വനംവകുപ്പ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ യാത്രക്കാര്‍ക്ക് നോട്ടീസും വിതരണംചെയ്യുന്നുണ്ട്. ബന്ദിപ്പൂര്‍, മുതുമല വന്യജീവി സങ്കേതങ്ങളില്‍ ഈ നിയമം നേരത്തേ നടപ്പാക്കിയതാണ്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ചില്‍ ഈ നിയമം നടപ്പാക്കിയതിനുശേഷം സങ്കേതത്തിനുകീഴിലുള്ള മറ്റ് റെയ്ഞ്ചുകളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചനയുണ്ട്. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള പ്രധാനപാതയായ മുത്തങ്ങ വഴി, വിനോദ സഞ്ചാരികളടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിദിനം കടന്നുപോകുന്നത്. ഇതില്‍ പലരും വന്യമൃഗങ്ങളെ കാണുന്നതിനും ചിത്രങ്ങളെടുക്കുന്നതിനുമൊക്കെയായി റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാറുണ്ട്.

Read More: വിഷരഹിത പച്ചക്കറി ലക്ഷ്യമിട്ട് ജീവനി പദ്ധതി

പലരും ആന, കുരങ്ങുകള്‍ അടക്കമുള്ളവക്ക് തീറ്റകൊടുക്കുന്നതും പതിവാണ്. കുരങ്ങുകളടക്കമുള്ള മൃഗങ്ങള്‍ തീറ്റതേടി റോഡരികളിലേക്കെത്തുന്നത് സ്ഥിരംകാഴ്ചയാണ്. യാത്രാസംഘങ്ങള്‍ വനപ്രദേശത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് കാട്ടിനുള്ളില്‍ കയറി ഭക്ഷണം കഴിച്ചതിന് ശേഷം അവശിഷ്ടങ്ങള്‍ വനത്തില്‍ ഉപേക്ഷിച്ചുപോവുന്ന പതിവുമുണ്ടായിരുന്നു. പ്ലാസ്റ്റിക് അടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ തിന്നുന്നതിനാല്‍ വന്യമൃഗങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചതിന് ശേഷമാണ് നിരോധനം ഏര്‍പ്പെടുത്താന്‍ വനംവകുപ്പ് തീരുമാനിച്ചത്. അതേ സമയം നിര്‍ദേശം അവഗണിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി. സുനില്‍കുമാര്‍ അറിയിച്ചു.