കല്‍പ്പറ്റ: വന്യമൃഗസംരക്ഷണത്തിന്റെ പേരില്‍ ജില്ലയിലെ പ്രധാന പാതകളില്‍ വനത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത് വേഗം നിയന്ത്രിക്കാനുള്ള തീരുമാനത്തില്‍ നിന്ന് വനംവകുപ്പ് പിന്‍മാറി. ജനങ്ങളുടെ പ്രതിഷേധം കനത്തപ്പോഴാണ് റോഡില്‍ വരമ്പുകളും വേഗനിയന്ത്രണ സംവിധാനങ്ങളും സ്ഥാപിക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്മാറിയിരിക്കുന്നത്. 

ഇതുസംബന്ധിച്ച് വയനാട് വന്യജീവി സങ്കേതം ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ജില്ലാ റോഡ് സുരക്ഷാസമിതി സെക്രട്ടറി കത്ത് നല്‍കി. ജില്ലാ റോഡ് സുരക്ഷാസമിതി ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് കത്ത് നല്‍കിയത്. പ്രതിഷേധത്തോടൊപ്പം നിവേദനങ്ങള്‍ ലഭിക്കുകയും ചെയ്തതോടെ നടപടി താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനാണ് കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. വിശദമായ പഠനത്തിനുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഉത്തരവിലുണ്ട്. 

വനപാതകളില്‍ വാഹനങ്ങളിടിച്ച് വന്യമൃഗങ്ങള്‍ കൊല്ലപ്പെടുന്നതും പരിക്കേല്‍ക്കുകയും ചെയ്ത സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് നവംബറില്‍ ജില്ല കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. ഇക്കാര്യം പരിശോധിച്ച കലക്ടര്‍ സ്പീഡ് ബ്രേക്കറുകളും വരമ്പുകളും സ്ഥാപിക്കാന്‍ ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ ജില്ല ഭരണകൂടത്തിന്റെ ഉത്തരവിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും ദേശീയപാത അധികൃതര്‍ വേഗനിയന്ത്രണം നടപ്പില്‍ വരുത്തിയില്ല. 

പ്രശ്‌നത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ദേശീയപാത അധികൃതര്‍ക്ക് കത്ത് നല്‍കി. ഈ കത്ത് പുറത്തായതോടെ പ്രതിഷേധമുയരുകയായിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പോലെ ഘട്ടംഘട്ടമായി വനപാതകള്‍ പൂര്‍ണമായി അടച്ചിടാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്നായിരുന്നു പ്രധാന ആരോപണം. 

വ്യാപാരി സംഘടനകളും മറ്റും ശക്തമായി രംഗത്തിറങ്ങിയതോടെ വിഷയം ചര്‍ച്ച ചെയ്യുമെന്ന് കലക്ടര്‍ വ്യക്തമായിരുന്നു. ഇതിനൊടുവിലാണ് ഇപ്പോള്‍ വേഗനിയന്ത്രണം നടപ്പാക്കേണ്ടതില്ലെന്ന കാര്യത്തിലേക്ക് അധികൃതര്‍ എത്തിയത്. അതേ സമയം വാഹനങ്ങള്‍ ഇടിച്ചും മറ്റും ആനയടക്കമുള്ള വന്യജീവികള്‍ക്ക് വനപാതകളില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട് എന്നുള്ളത് യാഥാര്‍ഥ്യമാണ്.