അക്രമത്തിന് പിന്നില്‍ മദ്യപസംഘമെന്ന് സംശയിക്കുന്നതായി പോലീസ്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ആലപ്പുഴ: തുമ്പോളിയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വാഹനങ്ങളും വീടുകളും തല്ലിത്തകര്‍ച്ചു. നാലംഗ സംഘത്തില്‍ ഒരാളെ ആലപ്പുഴ നോര്‍ത്ത് പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയായിരുന്നു സംഭവം. 

തുമ്പോളിയിലെ ഒരു വീടും മൂന്ന് ബൈക്കുകളും ഒരു കാറും ഒരു ഓട്ടോറിക്ഷയും അക്രമികള്‍ തല്ലിത്തകര്‍ത്തു. മുഖംമൂടി ധരിച്ചെത്തിയ സംഘം മാരകായുധങ്ങളുമെത്തിയതാണ് അക്രമം നടത്തിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നേരത്തെ പ്രദേശത്തെ ഒരാളുമായി നേരത്തെയുണ്ടായ വ്യക്തി വിരോധത്തെത്തുടര്‍ന്നാണ് മദ്യ ലഹരിയില്‍ സംഘമെത്തിയത്.

പ്രധാന റോഡില്‍ വീടുകളിലേക്ക് വരുന്ന വഴിയുടെ ഇരുഭാഗത്തും പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് ഇരുമ്പ് വടികള്‍ ഉപയോഗിച്ച് തല്ലിത്തകര്‍ത്തത്. വീടുകളുടെ വാതിലുകളും ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചു. ഒരു വീടിന്‍റെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തു.

ഈ കാറിന്‍റെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്. തൊട്ടടുത്ത പ്രദേശത്തെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നാല് പേരെയും തിരിച്ചറിഞ്ഞതായും മദ്യ ലഹരിയിലായിരുന്നു പ്രതികളെന്നും പോലീസ് പറ‍ഞ്ഞു.