കഴിഞ്ഞ വ്യാഴാഴ്ചയാണ് വെള്ളമുണ്ട കൊച്ചാറ കോളനിയിലെ പിഗിനായി (65), മകന്‍ പ്രമോദ് (36), ഇവരുടെ ബന്ധുവും ഇതേ കോളനിയിലെ താമസക്കാരനുമായ മാധവന്റെ മകന്‍ പ്രസാദ് (38) എന്നിവര്‍ മദ്യം കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്.
കല്‍പ്പറ്റ: വെള്ളമുണ്ടയില്‍ മദ്യം കഴിച്ചതിനെ തുടര്‍ന്ന് യുവാക്കളും 65 കാരനും മരിച്ച സംഭവത്തില്‍ മദ്യസാമ്പിളിന്റെ പരിശോധനഫലം തിങ്കളാഴ്ച പോലീസിന് കൈമാറും. മദ്യത്തില്‍ കലര്‍ന്നിട്ടുള്ളത് സയ്‌നെയിഡ് തന്നെയാണെന്നാണ് സൂചന. സംഭവസ്ഥലത്ത് നിന്നും പോലീസ് ശേഖരിച്ച മദ്യത്തിന്റെ സാമ്പിള്‍ കോഴിക്കോട് അനലിറ്റിക്കല്‍ ലബറോട്ടറിയിലേക്കാണ് പരിശോധനക്കയച്ചത്. ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടായിരിക്കും കേസിലെ തുടരന്വേഷണത്തിന് നിര്‍ണായകമാകുക.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വെള്ളമുണ്ട കൊച്ചാറ കോളനിയിലെ പിഗിനായി (65), മകന്‍ പ്രമോദ് (36), ഇവരുടെ ബന്ധുവും ഇതേ കോളനിയിലെ താമസക്കാരനുമായ മാധവന്റെ മകന്‍ പ്രസാദ് (38) എന്നിവര്‍ മദ്യം കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. കുട്ടികള്‍ക്ക് ചരട് മന്ത്രിച്ച് കെട്ടുന്ന ആളായിരുന്നു പിഗിനായി. ഈ കര്‍മത്തിനായി ഇവിടെ എത്തിയ ആള്‍ കൈമാറിയ മദ്യം കഴിച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണതും പിന്നീട് മരണപ്പെട്ടതും. എന്നാല്‍ നെഞ്ച് വേദനയാണെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കള്‍.
ഇതിനിടെയായിരുന്നു ബാക്കിയുള്ള മദ്യം പ്രമോദും പ്രസാദും ചേര്‍ന്ന് കഴിച്ചത്. സമാനരീതിയില്‍ തന്നെ ഇവരും മരിച്ചതോടെ മദ്യത്തില്‍ വിഷാംശം അടങ്ങിയിട്ടുള്ളതായ സംശയം ഉയര്‍ന്നതും കൂടുതല്‍ പരിശോധനക്കായി സാമ്പിള്‍ കോഴിക്കോട്ടെത്തിച്ചതും. സംഭവദിവസം തന്നെ രണ്ട് പേരെ വെള്ളമുണ്ട പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പരിശോധന ഫലം എത്തുന്നതോടെ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
