അമേരിക്കയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്സിന്റെ ജവാഹർ നഗറിലെ വീടും വസ്തുവും ഡോറ അറിയാതെ വളർത്തു മകളെന്നു പറഞ്ഞു മെറിൻ തട്ടിയെടുത്തെന്നാണു കേസ്

തിരുവനന്തപുരം: യുഎസിലുള്ള സ്ത്രീയുടെ കവടിയാര്‍ ജവഹര്‍ നഗറിലുള്ള ഒന്നരക്കോടിയുടെ വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തതിന് പിന്നില്‍ വന്‍സംഘമാണെന്നും മുഖ്യ ആസൂത്രകൻ തലസ്ഥാന വാസിയായ വെണ്ടർ ആണെന്നും പൊലീസ് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനായി പ്രവര്‍ത്തിച്ചതായാണ് വിവരമെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. വ്യാജരേഖകൾ ചമച്ചതും തട്ടിപ്പ് ആസൂത്രണം ചെയ്തതും വെണ്ടറാണ്. ഇയാൾക്കെതിരായ തെളിവുകൾ ലഭിച്ചെന്നും അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. തട്ടിയെടുത്ത പണത്തിന്റെ നല്ലൊരു പങ്കും വെണ്ടർക്കാണ് ലഭിച്ചത്.

അമേരിക്കയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്സിന്റെ ജവാഹർ നഗറിലെ വീടും വസ്തുവും ഡോറ അറിയാതെ വളർത്തു മകളെന്നു പറഞ്ഞു മെറിൻ തട്ടിയെടുത്തെന്നാണു കേസ്. ഡോറയും മെറിനും പരിചയക്കാരായിരുന്നു. ആൾമാറാട്ടം നടത്തി വസ്തു തട്ടിയെടുക്കാനായി ഡോറയുമായി രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തണമെന്ന് നിർദേശിച്ചതും ആസൂത്രകനായ വെണ്ടറായിരുന്നു. അങ്ങനെയാണ് കരകുളം സ്വദേശി വസന്തയെ കണ്ടെത്തിയത്. ആധാരവും ആധാർകാർഡും വ്യാജമായി നിർമിച്ചു. ഡോറയുടെ വീട് ജനുവരിയിൽ മെറിൻ ജേക്കബ് എഴുതിക്കൊടുത്തു. ആ മാസം തന്നെ ചന്ദ്രസേനൻ എന്നയാൾക്ക് വസ്തുവിന്റെ വിലയാധാരം എഴുതി നൽകുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് സംഘം തട്ടിപ്പില്‍ പങ്കാളികളാക്കി എന്നാണ് കരുതുന്നത്. എന്നാൽ പണം ലഭിച്ചില്ലെന്നാണ് മെറിൻ്റെ മൊഴി. കൊല്ലം അലയമണ്‍ മണക്കാട് പുതുപറമ്പില്‍ ചീട്ടില്‍ മെറിന്‍ ജേക്കബ് (27), വട്ടപ്പാറ കരകുളം മരുതൂര്‍ ചീനിവിള പാലയ്ക്കാടു വീട്ടില്‍ വസന്ത(76) എന്നിവരാണ് അറസ്റ്റിലായത്. ഡോറ അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഡോറയുടെ വളര്‍ത്തു മകളെന്ന വ്യാജേന മെറിന്റെ പേരില്‍ ജനുവരിയിൽ റജിസ്റ്റര്‍ ചെയ്തായിരുന്നു തട്ടിപ്പ്.

വസ്തുവിന്റെ മേല്‍നോട്ടത്തിനു ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയര്‍ടേക്കര്‍ കരം അടക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പിന്നാലെയാണ് പരാതി നൽകിയത്.മെറിനെയും വസന്തയെയും ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. പിടിയിലായ സ്ത്രീകള്‍ക്ക് വ്യാജരേഖ ഉള്‍പ്പെടെ ഉണ്ടാക്കാന്‍ വലിയതോതില്‍ സഹായം കിട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാജരേഖകള്‍ ഉപയോഗിച്ച് വസ്തു റജിസ്‌ട്രേഷന്‍ നടത്തിയതില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അമേരിക്കയിലുള്ള ഡോറ അറിയാതെ വീടും സ്ഥലവും റജിസ്‌ട്രേഷന്‍ നടത്തിയത് ജനുവരിയിലാണ്. ഡോറയോട് രൂപസാദൃശ്യമുള്ള വസന്തയെ കണ്ടെത്തിയാണ് സംഘം തട്ടിപ്പു നടത്തിയത്. ശാസ്തമംഗലം റജിസ്ട്രാര്‍ ഓഫിസില്‍ ഡോറയെന്ന പേരില്‍ എത്തി പ്രമാണ റജിസ്‌ട്രേഷന്‍ നടത്തി മെറിനു വസ്തു കൈമാറിയത് വസന്തയാണ്. റജിസ്റ്റര്‍ ചെയ്തു കിട്ടിയ വസ്തു ജനുവരിയില്‍ തന്നെ ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് മെറിന്‍ വിലയാധാരം എഴുതി കൊടുത്തിരുന്നു. തട്ടിപ്പിനായി മെറിന്റെ ആധാര്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയിരുന്നു. ആധാര്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിന്‍ പിടിയിലായത്. മ്യൂസിയം പൊലീസ് വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ്, എന്നിവ കണ്ടെത്തുകയും റജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്താല്‍ വിരലടയാളങ്ങള്‍ പരിശോധിച്ച് പ്രതികളിലേക്ക് എത്തുകയായിരുന്നു.