തിരുവനന്തപുരം: വെട്ടുകാട് പള്ളിയിൽ ഭിന്നശേഷികാർക്കായി ആംഗ്യഭാഷയിൽ പ്രത്യേക കുർബാന നടത്തി. ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിലാണ് പള്ളിയിൽ വേറിട്ട കുർബാന നടത്തിയത്. വെട്ടുകാട് പള്ളിയിൽ ആദ്യമായി ആംഗ്യഭാഷയിൽ സംഘടിപ്പിച്ച കുർബാന കൈക്കൊള്ളാൻ മുന്നൂറിലധികം പേരാണ് എത്തിയത്. 

ഭിന്നശേഷിയുള്ളവർക്ക് ഇത്തരത്തിലുള്ളൊരു അനുഭവം ഇതാദ്യമാണ്. തങ്ങൾക്ക് അറിയാവുന്ന ഭാഷയിൽ ഹൃദയത്തോട് ചേർന്നൊരു ദിവ്യബലി കൈക്കൊള്ളാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണവര്‍. തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ.ക്രിസ്തുദാസിൻറെ നേതൃത്വത്തിലായിരുന്നു കുർബാന.

തിരുവനന്തപുരം സ്വദേശികളായവര്‍ക്ക് വേണ്ടിയാണ് പ്രത്യേക കുർബാന സംഘടിപ്പിച്ചത്. ഇവർക്കൊപ്പം ഇടവകയിലെ കിടപ്പുരോഗികളെയും അവശരെയും പള്ളിയിലേക്ക് കൊണ്ടുവന്നിരുന്നു. ലത്തീൻ രൂപതയുടെ കുടുംബസംഗമത്തിൻറെ ഭാഗമായിട്ടായിരുന്നു പരിപാടി.