Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് റെയ്ഡ്; പണത്തിന് പുറമെ കൈക്കൂലിയായി ചക്കയും മാങ്ങയും

 കൈക്കൂലിയായി ചക്കയും മാങ്ങയും പച്ചക്കറിയും ഇവര്‍ കൈപ്പറ്റിയിരുന്നതായി വിജിലൻസ് സംഘം വ്യക്തമാക്കി.

vigilance raid at aryankavu check post
Author
Thiruvananthapuram, First Published Jan 12, 2022, 4:31 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് (Vigilance) നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ബ്രഷ്ട് നിർമൂലൻ എന്ന പേരിൽ നടത്തിയ റെയ്ഡിൽ പണത്തിന് പുറമെ, ചക്കയും മാങ്ങയും പച്ചക്കറിയും മിഠായിയും വരെ കൈക്കൂലിയായി വാങ്ങിയത് കണ്ടെത്തി.

അതിർത്തി ചെക്ക് പോസ്റ്റുകളിൽ വ്യാപക ക്രമക്കേട് നടക്കുന്നതിൽ നേരത്തെയും വിജിലൻസ് പരിശോധന നടത്തിയിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് തുടരുന്നുവെന്ന വിവരത്തെത്തുടർന്നാണ് തെരഞ്ഞെടുത്ത ചെക്ക് പോസ്റ്റുകളിൽ ഇന്ന് രാവിലെ 6 മുതൽ പരിശോധന തുടങ്ങിയത്. ഭാര പരിശോധനയോ ബില്ല് പരിശോധനയോ കൂടാതെ വാഹനങ്ങൾ ചെക്ക്പോസ്റ്റ് വഴി കടന്നുപോകുന്നത് ഉദ്യോഗസ്ഥർ കണ്ടെത്തി. ഓരോ വാഹനം കടന്നു പോകുമ്പോഴും ചെക്ക് പോസ്റ്റിലെ ഓഫീസിൽ പണം വച്ചു പോകുന്നതായും കണ്ടെത്തി. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽപ്പെടാത്ത 6200 രൂപയും, കാസർഗോഡ് തലപ്പാടി ആർടിഒ ചെക്ക് പോസ്റ്റില്‍ നിന്ന് 18,280 രൂപയും കണ്ടെത്തി.  ഈ രണ്ട് ചെക്ക് പോസ്റ്റുകളിലും കൈക്കൂലിക്ക് പുറമെ പഴം, കരിക്ക്, പച്ചക്കറി എന്നിവയും കണ്ടെത്തി.

ഭാരപരിശോധന നടത്താനുള്ള സംവിധാനം ഈ രണ്ട് ചെക്ക് പോസ്റ്റുകളിലും ഉദ്യോഗസ്ഥർ കേടാക്കി വെച്ചിരുന്നു.  പരിശോധന നടത്താതെ കടന്നുപോയ വാഹനങ്ങളെ വിജിലൻസ് പിടികൂടി. അമിത ഭാരത്തിനും ബില്ലില്ലാത്തതിനും പിഴയീടാക്കി. പാലക്കാട് വാളയാർ, നടുപ്പുനി ചെക്ക് പോസ്റ്റുകളിലും സമാന നടപടി ഉണ്ടായി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലൻസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. തമിഴ്നാട്-കേരളാ അതിര്‍ത്തിയായ വാളയാറിലെ ആര്‍ടിഒ ചെക്പോസ്റ്റിൽ ചരക്ക് വാഹനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ കൈക്കൂലി പണമായി അറുപത്തിയേഴായിരം രൂപ പിടികൂടിയിരുന്നു. പാരിതോഷികമായി പച്ചക്കറികളും ഇവര്‍ കൈപ്പറ്റിയിരുന്നതായി വിജിലൻസ് സംഘം വ്യക്തമാക്കി. സംഭവത്തില്‍ എല്ലാവരെയും സസ്‌പെൻഡ് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios