Asianet News MalayalamAsianet News Malayalam

വിലങ്ങാട് ഉരുൾപൊട്ടൽ: കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം

വിലങ്ങാട് ചെറുകിട ജല വൈദ്യുത പദ്ധതിയടക്കം 6 വൈദ്യുത പദ്ധതികൾക്കും നാശ നഷ്ടങ്ങളുണ്ടായി.

Vilangad Landslide 7 crore 87 lakh loss to kseb
Author
First Published Aug 14, 2024, 2:43 PM IST | Last Updated Aug 14, 2024, 2:43 PM IST

കോഴിക്കോട്: വിലങ്ങാട്ടെ ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം. വിലങ്ങാട് ചെറുകിട ജല വൈദ്യുത പദ്ധതിയടക്കം 6 വൈദ്യുത പദ്ധതികൾക്കും നാശ നഷ്ടങ്ങളുണ്ടായി. വൈദ്യുതി ഉത്പാദനക്കുറവിൽ മാത്രം രണ്ടേ മുക്കാൽ കോടി രൂപയുടെ നഷ്ടമാണ് വന്നത്.

വിലങ്ങാട് ചെറുകിട ജല വൈദ്യുത പദ്ധതിയുടെ തടയണ കല്ലും മണ്ണും നിറഞ്ഞ് നികന്നു. സംരക്ഷണ ഭിത്തി തകർന്നു. പെൻസ്റ്റോക്ക് പൈപ്പിലേക്ക് വെള്ളമെത്തിക്കുന്ന കനാൽ മണ്ണും കല്ലും മരങ്ങളും നിറഞ്ഞ് മൂടി. ഇവിടെ മാത്രം രണ്ടര കോടിയുടെ നഷ്ടം. പൂഴിത്തോട്, ചെമ്പുകടവ്, ഉറുമി, ചാത്തങ്കോട്ട്നട, കക്കയം പദ്ധതികളിലായി 36 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ട്. ഇതിന് പുറമെയാണ് ഉൽപാദന നഷ്ടം. 

വിലങ്ങാട് പൂർവ്വ സ്ഥിതിയിലാകാൻ ഒരു മാസമെടുക്കുമെന്നാണ് വിലയിരുത്തൽ. ഇങ്ങനെ മൂന്ന് കോടിയുടെ ഉൽപാദന കുറവുണ്ടാകും. പൂഴിത്തോടും ചെമ്പുകടവുമായി പ്രതീക്ഷിക്കുന്നത് 60 ലക്ഷത്തിന്റെ ഉത്പാദന കുറവാണ്. വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറുകളും തകർന്നതിലൂടെ 1.30 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. നല്ല മഴ ലഭിച്ചിരുന്ന സമയത്തെ വൈദ്യുതി ഉത്പാദനം തടസ്സപ്പെട്ടതാണ് പ്രതിസന്ധി.

പന്നിയേരി, മലയങ്ങാട്, കമ്പിളിപ്പാറ, പാനോം, കുറ്റല്ലൂര്‍ ഭാഗങ്ങളിലാണ് ചെറുതും വലുതും ആയ  ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. പ്രാഥമിക പരിശോധനയില്‍ ബോധ്യമായ നഷ്ടത്തിന്‍റെ തോത്  റവന്യു അധികാരികൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ വിലങ്ങാട് പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്ത് റവന്യൂ മന്ത്രിക്കു പുറമെ വനം, പൊതുമരാമത്ത്, ജലവിഭവ, കൃഷി മന്ത്രിമാരും സന്ദര്‍ശിച്ചു. തകരാറിലായ വൈദ്യുതി ബന്ധം  പുനരാരംഭിച്ചു. നൂറോളം ജീവനക്കാര്‍ രാപ്പകല്‍ അധ്വാനിച്ച് നാല് കിലോമീറ്റര്‍ നീളത്തില്‍ പുതുതായി ലൈന്‍ വലിക്കുകയും നാലു കിലോമീറ്ററോളം പ്രദേശത്ത് നിലവിലെ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയുമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളുടെ നിലവിലെ സ്ഥിതിഗതികള്‍ പഠിക്കാനും ഇവിടെ തുടര്‍വാസം സാധ്യമാണോ എന്ന് പരിശോധിക്കുന്നതിനുമായി ജിയോളജി, ഹൈഡ്രോളജി, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഹസാഡ് അനലിസ്റ്റും പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിവരികയാണ്. വിലങ്ങാട് മേഖലയില്‍ ഉരുള്‍പൊട്ടല്‍ മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് അതിവേഗം ആശ്വാസവും പുനരധിവാസവും സാധ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം ധനസഹായം, 70% അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios